ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവും ദല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അതിഷിയുടെ സുരക്ഷ ‘ഇസഡ്’ വിഭാഗത്തില്‍ നിന്ന് ‘വൈ’ വിഭാഗത്തിലേക്ക് താഴ്ത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി.
നേരത്തെ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സുരക്ഷ സംബന്ധിച്ച് ദല്‍ഹി പൊലീസിലെ സുരക്ഷാ വിഭാഗം ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു.
2025 ദല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറായ കെജ്‌രിവാള്‍ പരാജയപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ ‘ഇസഡ് പ്ലസ്’ സുരക്ഷ തുടരണോ എന്നാണ് ദല്‍ഹി പൊലീസ് മന്ത്രാലയത്തോട് ചോദിച്ചത്.
ഇതേതുടര്‍ന്നുള്ള ചര്‍ച്ചയിലാണ് മുന്‍ മുഖ്യമന്ത്രി അതിഷിയുടെ സുരക്ഷയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടായത്. നേരത്തെ കെജ്‌രിവാള്‍, അതിഷി എന്നിവരുടെ സുരക്ഷാ കാറ്റഗറികളില്‍ മാറ്റം വരുത്തരുതെന്ന് ആഭ്യന്തര മന്ത്രാലയം ദല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം അതിഷിയുടെ സുരക്ഷാ കവര്‍ ‘ഇസഡ്’ വിഭാഗത്തില്‍ നിന്ന് ‘വൈ’ വിഭാഗത്തിലേക്ക് മാറ്റാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. കൂടാതെ എ.എ.പി നേതാവായ മനീഷ് സിസോദിയയുടെ ‘വൈ’ കാറ്റഗറി സുരക്ഷ നീക്കം ചെയ്യാനും നിര്‍ദേശമുണ്ടായിരുന്നു.
ഇവര്‍ക്ക് പുറമെ എ.എ.പി എം.എല്‍.എയായ അജയ് ദത്ത്, മുന്‍ ദല്‍ഹി നിയമസഭാ സ്പീക്കര്‍ റാം നിവാസ് ഗോയല്‍ എന്നിവരുടെ സുരക്ഷയും നീക്കം ചെയ്തിട്ടുണ്ട്.
‘നിലവില്‍ അതിഷിക്ക് ‘വൈ’ കാറ്റഗറി സുരക്ഷ ഉണ്ടായിരിക്കും. അതില്‍ ദല്‍ഹി പൊലീസില്‍ നിന്നുള്ള രണ്ട് കമാന്‍ഡോകള്‍ ഉള്‍പ്പെടെ കുറഞ്ഞത് 12 സുരക്ഷാ ഉദ്യോഗസ്ഥരെങ്കിലും ഉള്‍പ്പെടുന്നു, മറ്റു ഭീഷണികളൊന്നും കണ്ടെത്താതെ വന്നതോടെയാണ് സുരക്ഷയില്‍ മാറ്റം വരുത്തിയത്,’ സുരക്ഷാ ഏജന്‍സികള്‍ പറഞ്ഞു.