അസ്താനയെക്കൊണ്ട് ദല്‍ഹിയില്‍ ചിലതൊക്കെ ചെയ്യിക്കാനുണ്ട്; ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍
national news
അസ്താനയെക്കൊണ്ട് ദല്‍ഹിയില്‍ ചിലതൊക്കെ ചെയ്യിക്കാനുണ്ട്; ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th September 2021, 4:36 pm

ന്യൂദല്‍ഹി: ഐ.പി.എസ് ഓഫീസര്‍ രാകേഷ് അസ്താനയുടെ ദല്‍ഹി പൊലീസ് കമ്മീഷണറായിട്ടുള്ള നിയമനത്തെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ദല്‍ഹിയില്‍ കൃത്യമായി നിയമനിര്‍വഹണവും ക്രമസമാധാനപരിപാലനവും നടത്താനാണ് അസ്താനയെ നിയമിച്ചതെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

രാകേഷ് അസ്താനയുടെ നിയമനത്തിനെതിരായ പൊതുതാല്‍പര്യ ഹരജിയിലാണ് കേന്ദ്രത്തിന്റെ വിശദീകരണം.

‘ദേശീയ സുരക്ഷയ്ക്ക് മാത്രമല്ല, അന്താരാഷ്ട്ര സുരക്ഷയ്ക്കും ദല്‍ഹിയില്‍ നിന്ന് വെല്ലുവിളി നേരിടുന്നുണ്ട്. ക്രമസമാധാനം ശക്തമാക്കാനാണ് അസ്താനയെ നിയമിച്ചത്,’ കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ചട്ടങ്ങള്‍ മറികടന്ന് രാകേഷ് അസ്താനയെ ദല്‍ഹി പൊലീസ് കമ്മീഷണറായി നിയമിച്ചുവെന്നാണ് ഹരജിയില്‍ പറയുന്നു.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും രാകേഷ് അസ്താനയും നിലപാടറിയക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ സംഘടനയാണ് ഹരജി സമര്‍പ്പിച്ചത്. റിട്ടയര്‍മെന്റിന് നാല് ദിവസം മാത്രം ബാക്കിനില്‍ക്കേ രാകേഷ് അസ്താനയെ ദല്‍ഹി പൊലീസ് കമ്മിഷണറായി നിയമിച്ചത് സുപ്രിം കോടതി വിധിയുടെയും സര്‍വീസ് ചട്ടങ്ങളുടെയും ലംഘനമാണെന്നാണ് ഹരജിയിലെ ആരോപണം.

ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ പദവിയില്‍ നിന്നാണ് രാകേഷ് അസ്താനയെ ദല്‍ഹി പൊലീസ് തലപ്പത്തേക്ക് നിയമിക്കുന്നത്. ഗുജറാത്ത് കേഡറില്‍ 1984 ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു അസ്താന.

2022 ജൂലൈ 31 വരെയാണ് രാകേഷ് അസ്താനയുടെ പദവിയുടെ കാലാവധി. സി.ബി.ഐയില്‍ നിന്ന് പുറത്ത് പോയ അസ്താനയെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറലായി നിയമിച്ചിരുന്നു.

ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട കാലിത്തീറ്റ കേസ് അന്വേഷിച്ചിരുന്നത് അസ്താനയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും അടുത്ത ആളാണ് രാകേഷ് അസ്താന.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Centre justifies Rakesh Asthana’s appointment: For ‘effective policing’ of Delhi’s ‘recent law and order situation’