ന്യൂദല്‍ഹി: രാജ്യത്ത് ഗാര്‍ഹിക-പാചകവാതക വില കൂട്ടി. പുതുക്കിയ നിരക്ക് ഇന്ന് (ശനി) മുതല്‍ പ്രാബല്യത്തില്‍ വരും. 14.2 കിലോഗ്രാം എല്‍.പി.ജി സിലിണ്ടറിന്റെ വില 60 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ദല്‍ഹിയില്‍ സിലിണ്ടറിന്റെ വില 913 രൂപയായി.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് ക്രൂഡ് ഓയില്‍ വിലയേയും ഊര്‍ജ ഇറക്കുമതിയെയും ബാധിച്ചതാണ് വില വര്‍ധനവിന് കാരണമായതെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു. ഹോര്‍മുസ് കടലിടുക്ക് അടച്ചതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
മുംബൈ (912.50), കൊല്‍ക്കത്ത (930), ചെന്നൈ (928.50), കൊച്ചി (920) എന്നീ നഗരങ്ങളെയും വില വര്‍ധനവ് ബാധിച്ചു. വാണിജ്യ പാചകവാതകത്തിനും വില കൂട്ടിയിട്ടുണ്ട്. 19 കിലോ സിലിണ്ടറിന് 115 രൂപയാണ് വര്‍ധിപ്പിച്ചത്. ഇത് ദല്‍ഹിയില്‍ ഒരു സിലിണ്ടറിന്റെ വില 1,883 രൂപയായി ഉയരാന്‍ കാരണമായിട്ടുണ്ട്.
വാണിജ്യ പാചകവാതകത്തിന്റെ വില വര്‍ധനവ് ഹോട്ടല്‍ ഉടമസ്ഥരെയും വ്യവസായികളെയും പ്രതിസന്ധിയിലാക്കും. എന്നാല്‍ യോഗ്യരായ ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ള സബ്‌സിഡി ലഭിക്കും. നിലവില്‍ ഇന്ധനക്ഷാമമില്ലെന്നും സര്‍ക്കാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം എല്‍.പി.ജിയുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അടിയന്തിര അധികാരങ്ങള്‍ ഉപയോഗിച്ചായിരുന്നു നിര്‍ദേശം.
ലോകത്ത് എല്‍.പി.ജി ഇറക്കുമതിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. രാജ്യത്തിന് ആവശ്യമായ എല്‍.പി.ജിയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇറക്കുമതി ചെയ്യന്നതാണ്. അതില്‍ 90 ശതമാനവും പശ്ചിമേഷ്യയില്‍ നിന്നാണ്.
അതേസമയം ആഗോള തലത്തില്‍ എണ്ണ ക്ഷാമം ഉണ്ടായതോടെ റഷ്യന്‍ എണ്ണയുടെ ഡിമാന്‍ഡ് വര്‍ധിച്ചിരിക്കുകയാണ്. റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ യു.എസ് ഇന്ത്യക്ക് 30 ദിവസത്തെ ഇളവും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന റഷ്യന്‍ എണ്ണയുടെ അളവ് വ്യക്തമല്ല.
Content Highlight: Centre hikes domestic LPG prices by Rs 60