കേന്ദ്രം രാജ്യത്തിന്റെ താത്പര്യങ്ങള്‍ യു.എസിന് മുന്നില്‍ അടിയറവ് വെച്ചു; വിലപേശല്‍ ശേഷി നഷ്ടമാക്കി: തരൂര്‍
India
കേന്ദ്രം രാജ്യത്തിന്റെ താത്പര്യങ്ങള്‍ യു.എസിന് മുന്നില്‍ അടിയറവ് വെച്ചു; വിലപേശല്‍ ശേഷി നഷ്ടമാക്കി: തരൂര്‍
അനിത സി
Tuesday, 10th February 2026, 3:05 pm

ന്യൂദല്‍ഹി: ലോക്‌സഭയിലെ ബജറ്റ് ചര്‍ച്ചയില്‍ കേരളത്തോടുള്ള അവഗണനകള്‍ എണ്ണിപ്പറഞ്ഞും കേന്ദ്രത്തിന്റെ നയങ്ങള്‍ ചോദ്യം ചെയ്തും ശശി തരൂര്‍ എം.പി.

ബജറ്റ് നിരാശയാണ് സമ്മാനിച്ചതെന്നും തൊഴിവില്ലായ്മയും വിലക്കയറ്റവും ബജറ്റില്‍ വിഷയമായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ കേന്ദ്രം യു.എസിന് കീഴടങ്ങിയെന്നും തരൂര്‍ കുറ്റപ്പെടുത്തി. യു.എസിന് പൂജ്യം തീരുവയാണ് ഈടാക്കുന്നത്.

ഇതുവരെ ഒരു രാജ്യവും സ്വന്തം താത്പര്യങ്ങളെ ഇങ്ങനെ അടിയറ വെച്ചില്ല. ഇന്ത്യയുടെ വിലപേശല്‍ ശേഷിയാണ് നഷ്ടമായതെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

കേരളം ദീര്‍ഘകാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന അതിവേഗ റെയില്‍പാത ഇത്തവണയും ബജറ്റിലിടം പിടിച്ചില്ലെന്നും ഏഴ് പുതിയ പാതകള്‍ പ്രഖ്യാപിച്ച കേന്ദ്രം കേരളത്തിന്റെ ആവശ്യത്തോട് കണ്ണടച്ചെന്നും തരൂര്‍ വിശദീകരിച്ചു.

20 ദേശീയ ജലപാതകള്‍ കേന്ദ്രം പ്രഖ്യാപിച്ചു. കേരളം അതിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. 44 നദികളുള്ള കേരളം അവഗണിക്കപ്പെട്ടെന്നും വാരണാസിക്കും പത്താനും വരെ ജലപാതകള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ തന്നെ ഏറ്റവും വലിയ കണ്ടെയ്‌നറിനെ വഹിക്കാന്‍ സാധിക്കുന്ന തുറമുഖമായ വിഴിഞ്ഞത്തെ കേന്ദ്രം ബജറ്റില്‍ പാടെ അവഗണിച്ചു. ഒരു പ്രാദേശിക തുറമുഖമായാണ് വിഴിഞ്ഞത്തെ കണക്കാക്കിയതെന്നും തരൂര്‍ പറഞ്ഞു.

തീരദേശ ജനത കടലാക്രമണത്തെ ഭയന്നമാണ് ജീവിക്കുന്നത്. കടല്‍ ഭിത്തികള്‍ക്കും സംരക്ഷണ പദ്ധതികള്‍ക്കുമായി ബജറ്റില്‍ പണം നീക്കിവെച്ചില്ല. തീരദേശജനതയില്‍ ഭൂരിഭാഗവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ഈ ജനതയ്ക്ക് വേണ്ടി ബജറ്റില്‍ പണം മാറ്റിവെച്ചില്ലെന്നും തരൂര്‍ വിശദീകരിച്ചു.

തീരദേശ ജനതയുടെ ആശങ്ക പരിഗണിക്കണമെന്ന ആവശ്യം താന്‍ 15 വര്‍ഷമായി സഭയില്‍ ഉന്നയിക്കുകയാണെന്നും രാജ്യത്തിന്റെ തീരദേശം കടലെടുത്തുകൊണ്ടിരിക്കുകയാണെന്നും തരൂര്‍ ചൂണ്ടിക്കാണിച്ചു.

വ്യോമയാന രംഗത്തും നിരാശയാണ്. ഉഡാന്‍ പദ്ധതി ബജറ്റിലിടം പിടിക്കാത്തതിനെ കുറിച്ചും തരൂര്‍ വിശദീകരിച്ചു.

ഈ ബജറ്റ് തലക്കെട്ടുകള്‍ സൃഷ്ടിക്കാനായി അവതരിപ്പിച്ചത് മാത്രമാണ്. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് പണം ചെലവഴിച്ചില്ല. വ്യക്തികള്‍ക്ക് നികുതി ബാധ്യതകള്‍ കൂടുമ്പോള്‍ വന്‍കിട കമ്പനികള്‍ക്ക് നികുതി കുറയുകയാണെന്നും തരൂര്‍ പറഞ്ഞു.

കര്‍ഷകരെ കേന്ദ്രം പരിഗണിക്കുന്നില്ല. പുതിയ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Content Highlight: Centre has surrendered the country’s interests to the US; lost its bargaining power: Tharoor

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍