ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് ചട്ടക്കൂടൊരുക്കുന്നതിന് പാര്‍ലമെന്ററി കമ്മിറ്റിക്ക് വീണ്ടും സമയമനുവദിച്ച് കേന്ദ്ര ആഭ്യന്തമന്ത്രാലയം. ഇത് ആറാം തവണയാണ് സി.എ.എയ്ക്ക് ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് പാര്‍ലമെന്ററി കമ്മിറ്റിയ്ക്ക് സമയമനുവദിക്കുന്നത്.
ഇരുസഭകളുടെയും പാര്‍ലമെന്ററി കമ്മിറ്റിക്കും സി.എ.എയുമായി ബന്ധപ്പെട്ട ചട്ടം നിര്‍മിക്കുന്നതിന് സമയമനുവദിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കണമെങ്കില്‍ ചട്ടങ്ങള്‍ അത്യാവശമാണ്.
പൗരത്വ ഭേദഗതി ബില്ലിനുള്ള ചട്ടങ്ങള്‍ രൂപകരിക്കാനുള്ള സമയം പരിധി കഴിയുമ്പോള്‍ സാധാരണഗതിയില്‍ കമ്മിറ്റി കൂടുതല്‍ സമയം ആവശ്യപ്പെടാറുണ്ടെന്ന് കമ്മിറ്റി ചെയര്മാന് ബാല്‍ ഷൗരി വല്ലഭാനേനി പറഞ്ഞു.
അങ്ങനെ സമയമാവശ്യപ്പെടുമ്പോള് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കാറുണ്ട്. അത് ഒരു വലിയ പ്രശ്നമല്ല. ഞാന്‍ സ്ഥലത്തില്ലായിരുന്നെന്നും ഹൈദരാബാദിലായിരുന്നുവെന്നും അതിനാല്‍ കൃത്യമായി എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019 ലാണ് പാര്‍ലമെന്റില്‍ പൗരത്വ നിയമം പാസാക്കിയത്. ആ വര്‍ഷം ഡിസംബര്‍ 12ന് വിജ്ഞാപനം ഇറക്കുകയും ചെയ്തു. 2020 ജനുവരി 10 മുതല്‍ വിജ്ഞാപനം പ്രാബല്യത്തിലായി. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇതുവരെ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സാധിച്ചിട്ടില്ല.
ചട്ടപ്രകാരം രാഷ്ട്രപതി ഒപ്പുവെച്ച നിയമം ആറ് മാസം കൊണ്ട് ക്രമപ്പെടുത്തുകയോ സമയം നീട്ടി ചോദിക്കുകയോ വേണം.
2014 ഡിസംബര്‍ 31-നോ അതിനുമുമ്പോ ഇന്ത്യയില്‍ പ്രവേശിച്ച പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസലിങ്ങളല്ലാത്ത സമുദായങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനാണ് നിയമം ലക്ഷ്യമിടുന്നത്.
ഇത്തരക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ആരംഭിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നിരുന്നാലും, നിയമം ക്രമപ്പെടുത്താത്തതിനാല്‍ അത് നടപ്പിലാക്കാന്‍ കഴിയില്ല.
പൗരത്വ നിയമം പാര്‍ലമെന്റ് പാസാക്കിയ ശേഷം രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധമുണ്ടായിരുന്നു.