2027ല്‍ സെന്‍സസുണ്ടാകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രം; രണ്ട് ഘട്ടങ്ങളായി നടക്കും
India
2027ല്‍ സെന്‍സസുണ്ടാകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രം; രണ്ട് ഘട്ടങ്ങളായി നടക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd December 2025, 7:42 am

ന്യൂദല്‍ഹി: 2027ല്‍ സെന്‍സസ് ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലോക്‌സഭയില്‍ കോണ്‍ഗ്രസ് എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നിത്യാനന്ദ റായി.

2011ന് ശേഷമുള്ള ആദ്യ സെന്‍സന്‍സാണ് 2027ല്‍ നടക്കാനിരിക്കുന്നത്. രണ്ട് ഘട്ടമായിട്ടായിരിക്കും സെന്‍സസ് നടക്കുക. ആദ്യഘട്ടം 2026 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ നടക്കും. വീടുകളുടെ പട്ടികപ്പെടുത്തലും കണക്കെടുപ്പും, ഭവന സെന്‍സസ് എന്നീ നടപടിക്രമങ്ങളാണ് ഈ ഘട്ടത്തില്‍ പൂര്‍ത്തിയാക്കുക.

2027 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ സെന്‍സസിന്റെ രണ്ടാംഘട്ടവും നടക്കും. ഈ ഘട്ടത്തില്‍ വീടുകളുടെ ലിസ്റ്റിങ്ങും ജനസംഖ്യ കണക്കെടുപ്പുമാണ് ഉണ്ടാകുക. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ മഞ്ഞുമൂടിയ മേഖലകളില്‍ 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ സെന്‍സസിന്റെ രണ്ടാംഘട്ടം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ മന്ത്രാലയങ്ങള്‍, സെന്‍സസ് ഡാറ്റ ഉപയോക്താക്കള്‍ എന്നിവരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സെന്‍സസ് ചോദ്യവലി അന്തിമമാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറും ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങളിലാണെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.

1990ലെ സെന്‍സസ് നിയമങ്ങളിലെ റൂള്‍ ആറ് പ്രകാരം, സെന്‍സസ് ചോദ്യാവലികള്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റ് വഴി അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ശത്രുഘ്‌നന്‍ സിന്‍ഹയുടെ ചോദ്യത്തിന് മറുപടി നല്‍കിക്കൊണ്ടായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.

മുന്‍കാല സെന്‍സസുകളില്‍ പിന്തുടര്‍ന്ന അതേ നടപടികളാണ് ഇത്തവണയും ഉണ്ടാകുകയെന്നും മന്ത്രി നിത്യാനന്ദ റായി പറഞ്ഞു.

ഈ സെന്‍സസില്‍ ജാതി കണക്കെടുപ്പുണ്ടാകുമെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. ജനങ്ങള്‍ അവരുടെ അറിവിലോ വിശ്വാസത്തിലോ ഉള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ടെന്നും ജാതി വെളിപ്പെടുത്തുന്നത് ഓപ്ഷണലാകുമോ എന്ന ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

2021ല്‍ രാജ്യത്ത് സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം മൂലം ഇത് തടസപ്പെടുകയായിരുന്നു.

Content Highlight: Centre announces census to be held in 2027; will be conducted in two phases