ന്യൂദല്‍ഹി: സെന്‍സസ് നടപടികള്‍ക്ക് കണക്കെടുപ്പുകാരായി (Enumerators) നിയമിക്കുന്നവരുടെ പട്ടികയില്‍ സര്‍ക്കാര്‍, പ്രാദേശിക ഭരണകൂടങ്ങള്‍ എന്നിവയ്ക്ക് പുറമെ എയ്ഡഡ്, അണ്‍-എയ്ഡഡ്, സ്വകാര്യ സ്ഥാപനങ്ങളിലെ അധ്യാപകരെയും ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ നീക്കം ആയിരക്കണക്കിന് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് തൊഴിലുറപ്പ് പദ്ധതി ആയിരിക്കുമെന്നും ഇതിനകം അട്ടിമറിക്കപ്പെട്ട സെന്‍സസ് നടപടികളെ ഇത് കൂടുതല്‍ ‘മലിനമാക്കുമെന്നും’ കോണ്‍ഗ്രസ് പറഞ്ഞു.

വിവിധ ഹൈക്കോടതികള്‍ ഇത്തരം ജീവനക്കാരുടെ സേവനം ആവശ്യപ്പെടാനുള്ള ഉത്തരവുകള്‍ സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് 1990ലെ സെന്‍സസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ട് വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.

നേരത്തെയുള്ള വ്യവസ്ഥ പ്രകാരം, ‘അധ്യാപകര്‍, ക്ലര്‍ക്കുമാര്‍, ഏതെങ്കിലും ഉദ്യോഗസ്ഥര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലു വ്യക്തികള്‍’, എന്നിവരെ സെന്‍സസ് എന്യൂമറേറ്റര്‍മാരായി സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിയമിക്കാമായിരുന്നു.

ഭേദഗതി ചെയ്ത ചട്ടപ്രകാരം, താഴെപ്പറയുന്നവരെ സെന്‍സസ് ഉദ്യോഗസ്ഥരായി നിയമിക്കാം.

1. സര്‍ക്കാര്‍, പ്രാദേശിക ഭരണകൂടം. എയ്ഡഡ് അല്ലെങ്കില്‍ അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ എന്നിവയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകര്‍.

2. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, പ്രാദേശിക ഭരണകൂടങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമപ്രകാരം രൂപീകരിച്ച സ്ഥാപനങ്ങള്‍, ബാങ്കുകള്‍, കമ്പനികള്‍, മറ്റ് സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ എന്നിവയിലെ ക്ലാര്‍ക്കുമാരോ ഉദ്യോഗസ്ഥരോ.

3.സംസ്ഥാന സര്‍ക്കാരോ കേന്ദ്രഭരണ പ്രദേശത്തെ ഭരണകൂടമോ അനുയോജ്യരെന്ന് കരുതുന്ന ഏതൊരു വ്യക്തിയും.

സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ പട്ടിക വിപുലീകരിച്ചതിനുപിന്നില്‍ വലിയ ദുരുദ്ദേശമുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

‘2027ലെ സെന്‍സസിനുള്ള യോഗ്യരായ എന്യൂമറേറ്റേഴ്‌സിന്റെ പട്ടിക മോദി സര്‍ക്കാര്‍ വിപുലീകരിച്ചിട്ടുണ്ട്. ഇതിന് പിന്നില്‍ വലിയ ദുരൂഹതകളുണ്ട്’, കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു.

2026 ജൂലൈ പത്ത് മുതല്‍ 12 വരെ ബെല്‍ഗാമില്‍ എര്‍.എസ്.എസ് തങ്ങളുടെ പ്രവര്‍ത്തകര്‍ക്കായി സെന്‍സസ് 2027 എന്ന ഒറ്റ അജണ്ട മുന്‍നിര്‍ത്തി വലിയ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചുവെന്ന് ജയറാം രമേശ് പറഞ്ഞു.

‘സെന്‍സസ് 2027 എന്ന ഒറ്റ അജന്‍ഡ മുന്‍നിര്‍ത്തി വലിയ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. രാജ്യത്തെ ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍നിന്നും ഇന്ത്യന്‍, വിദേശ സംഘടനകളില്‍നിന്നും അഭിപ്രായങ്ങള്‍ തേടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2026 മേയ് 26ന് രൂപീകരിച്ച ഉന്നതതല സമിതി അടുത്തിടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സമിതിയുടെ ഉന്നതതല സ്വഭാവത്തിന് ആധാരമായ ഏക കാര്യം അതിലെ അംഗങ്ങള്‍ക്കുള്ള ആര്‍.എസ്.എസ് ബന്ധങ്ങളാണ്. അതിനാല്‍ ഈ അഭിപ്രായങ്ങള്‍ എവിടെനിന്ന് വരുമെന്ന് നമുക്കറിയാം,’ ജയ്‌റാം രമേശ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

2026 ഒക്ടോബര്‍ 16ലെ സെന്‍സസ് വിജ്ഞാപനത്തെ ജൂലൈ 10, 12 തീയതികളില്‍ നടന്ന ആര്‍.എസ്.എസ് പരിശീലന ക്യാമ്പിന്റെയും 2026 ഒക്ടോബര്‍ 14ന് ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ ക്ഷണിച്ച സമിതിയുടെ നടപടിയുടെയും പശ്ചാത്തലത്തില്‍ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ആയിരക്കണക്കിന് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുള്ള തൊഴില്‍ ഉറപ്പ് പദ്ധതിയാണിതെന്ന് വ്യക്തമാണ്. ഇതിനകം അട്ടിമറിക്കപ്പെട്ട സെന്‍സസ് നടപടികളെ ഇത് തീര്‍ച്ചയായും കൂടുതല്‍ മലിനമാക്കും. മറ്റൊരു സ്ഥാപനവും തകര്‍ക്കപ്പെടുകയാണ്. എസ്.ഐ.ആറിനെപ്പോലെ സെന്‍സസും അപകടകരമായ രീതിയില്‍ കൃത്രിമമായി മാറ്റിമറിക്കപ്പെടും. പ്രധാനമന്ത്രി-ആഭ്യന്തരമന്ത്രി കൂട്ടുകെട്ടിന്റെ ദുഷ്ടലക്ഷ്യങ്ങള്‍ക്ക് അതിരുകളില്ല,’ ജയ്‌റാം രമേശ് പറഞ്ഞു.

സെന്‍സസിന്റെ പ്രാഥമിക വിവരശേഖരണ ഘട്ടത്തിനായി ഏകദേശം 34 ലക്ഷം ഉദ്യോഗസ്ഥരെ ആവശ്യമാണ്. 2027ലെ സെന്‍സസ് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസ് ആയിരിക്കും. കൂടാതെ, പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പുറമേയുള്ള ജാതികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് സ്വാതന്ത്ര്യാനന്തരം നടക്കുന്ന ആദ്യത്തെ സെന്‍സസും ഇതായിരിക്കും.

Content Highlight: Centre Amends Census Rules To Rope In ‘Suitable’ Enumerators; Congress Calls It ‘Rozgar Guarantee Yojana’ For BJP, RSS Workers.