കോഴിക്കോട് ഡൗണ്‍ടൗണ്‍ ഹോട്ടലില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നു വാര്‍ത്ത നല്‍കിയതിലൂടെ ശ്രദ്ധിക്കപ്പെട്ട ജയ് ഹിന്ദ് ചാനലിന് കേന്ദ്രസസര്‍ക്കാറിന്റെ വിലക്ക്. ചാനലില്‍ എ സര്‍ട്ടിഫിക്കറ്റുള്ള സിനിമ പ്രദര്‍ശിപ്പിച്ചതിനാണ് വിലക്ക്.
ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്. കേബിള്‍ ടി.വി നെറ്റുവര്‍ക്ക് നിയമത്തിലെ 6(1)എന്‍, ന്റെയും റൂള്‍ 6(1)ഒയുടെയും ലംഘനമാണ് ചാനല്‍ നടത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.
2012 ആഗസ്റ്റ് 27ന് രാത്രി പത്തുമണിക്ക് സംപ്രേഷണം ചെയ്ത “ഹായ് ഹരിതേ” എന്ന ചിത്രമാണ് നടപടിക്ക് കാരണം. ഇതുസംബന്ധിച്ച് 28-05-2013ന് കേന്ദ്രസര്‍ക്കാര്‍ ചാനലിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും മറുപടി നല്‍കിയില്ലെങ്കില്‍ ചാനലിന് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്നു കരുതുമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.
19.06.2013ന് ജയ് ഹിന്ദ് ചാനല്‍ നല്‍കിയ മറുപടിയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ ഖേദം രേഖപ്പെടുത്തിയിരുന്നു. നേരത്തെ സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ പ്രിന്റിനു തകരാറുണ്ടായതിനാല്‍ അവസാനം നിമിഷം മറ്റൊരു ചിത്രം പ്രദര്‍ശിപ്പിക്കുകയായിരുന്നു. പ്രദര്‍ശനത്തിനായി എ. സര്‍ട്ടിഫിക്കറ്റുള്ള ചിത്രം തെരഞ്ഞെടുത്തത് ടെക്‌നിക്കല്‍ സ്റ്റാഫുകളുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നും ജയ് ഹിന്ദ് അറിയിച്ചിരുന്നു.
പ്രശ്‌നം ഐ.എം.സിയ്ക്ക് മുമ്പിലെത്തുകയും ജയ് ഹിന്ദിന്റെ നടപടി പ്രോഗം കോഡ് ലംഘനമാണെന്ന് വിലയിരുത്തപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ജയ് ഹിന്ദിനു വിലക്കേര്‍പ്പെടുത്താന്‍ ഐ.എം.സി തീരുമാനിക്കുകയായിരുന്നു.
സാങ്കേതിക തകരാര്‍ കാരണം സംപ്രേഷണം നിര്‍ത്തിവെക്കുന്നുവെന്നായിരുന്നു ചാനല്‍ നല്‍കിയ വിശദീകരണം. എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ നിരോധനമുള്ളതിനാല്‍ സംപ്രേഷണം നിര്‍ത്തിയെന്ന് ചാനല്‍ സേവനദാതാക്കളുടെ വിശദീകരണത്തില്‍ പറയുന്നുണ്ട്.
കെ.പി.സി.സിയുടെ ഔദ്യോഗിക ചാനലാണ് ജയ്ഹിന്ദ്. കെ.പി.സി.സി അധ്യക്ഷനാണ് ചാലനിന്റെ പ്രസിഡന്റ്. കെ.പി മോഹനനാണ് ചാനല്‍ സി.ഇ.ഒയും എഡിറ്ററും.
നേരത്തെ കോഴിക്കോട് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന വാര്‍ത്ത നല്‍കിയ ജയ് ഹിന്ദ് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ജയ് ഹിന്ദ് നല്‍കിയ ഈ വാര്‍ത്തയാണ് പിന്നീട് സദാചാര പോലീസിങ്ങിനെതിരെയുള്ള ചുംബനസമരം പോലുള്ള സമരങ്ങള്‍ക്ക് കാരണമായത്.
