അവസാനം മുട്ടുകുത്തി; എസ്.ഐ.ആറില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍
India
അവസാനം മുട്ടുകുത്തി; എസ്.ഐ.ആറില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd December 2025, 8:10 pm

ന്യൂദല്‍ഹി: എസ്.ഐ.ആറില്‍ (വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണം) ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ മാസം ഒമ്പതിന് എസ്.ഐ.ആര്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദം, ബി.എല്‍.ഒമാരുടെ ആത്മഹത്യ എന്നീ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്കെടുക്കും.

തുടര്‍ച്ചയായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നാണ് കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന എസ്.ഐ.ആര്‍ ചര്‍ച്ചയ്ക്ക് ഡിസംബര്‍ പത്തിന് (ബുധന്‍) കേന്ദ്രം മറുപടി നല്‍കും. ഏകദേശം 10 മണിക്കൂറായിരിക്കും എസ്.ഐ.ആര്‍ ചര്‍ച്ച ചെയ്യുക.

പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവാണ് ഈ തീരുമാനം രാജ്യസഭയില്‍ അറിയിച്ചത്. ബിസിനസ് അഡൈ്വസറി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ചര്‍ച്ചയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്നത്തെ (ചൊവ്വ) രാജ്യസഭാ സമ്മേളനത്തിലും എസ്.ഐ.ആര്‍ ചര്‍ച്ചക്കെടുക്കണമെന്ന് പ്രതിപക്ഷ എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി ചര്‍ച്ച നാടത്തുമെന്നും റിജിജു പറഞ്ഞു.

പ്രതിപക്ഷ എം.പിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണത്തിനെതിരെ മുദ്രാവാക്യം വിളിച്ചതോടെയാണ് റിജിജു ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചത്.

എസ്.ഐ.ആറിന്റെ ജോലി സമ്മര്‍ദം മൂലം 28 ബി.എല്‍.ഒമാര്‍ ആത്മഹത്യ ചെയ്തുവെന്ന് കോണ്‍ഗ്രസ് എം.പി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഈ വിഷയത്തെ ഒരു അടിയന്തിര വിഷയമായി പരിഗണിക്കണം. ജനാധിപത്യത്തിന്റെ-ഈ രാജ്യത്തിന്റെ-പൗരന്മാരുടെ താത്പര്യാര്‍ത്ഥം എസ്.ഐ.ആറില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് സ്പീക്കര്‍ സി.പി. രാധാകൃഷ്ണനോട് ഖാര്‍ഗെ പറഞ്ഞു.

രാജ്യസഭയിലേതിന് സമാനമായി ലോക്‌സഭയിലും എസ്.ഐ.ആറിനെതിരെ പ്രതിഷേധമുണ്ടായി. പ്രതിഷേധം കനത്തതോടെ രണ്ട് തവണയാണ് സഭാ നടപടികള്‍ നിര്‍ത്തിവെച്ചത്.

കഴിഞ്ഞ ദിവസം കേരളം, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ എസ്.ഐ.ആറിന്റെ സമയപരിധി നീട്ടിവെച്ചിരുന്നു. പുതിയ ഉത്തരവ് അനുസരിച്ച്, കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 16ന് പ്രസിദ്ധീകരിക്കും.

എന്യൂമറേഷന്‍ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം നീട്ടുകയും ചെയ്തു. 2026 ഫെബ്രുവരി 14നായിരിക്കും അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. നേരത്തെ ഡിസംബര്‍ നാലിനുള്ളില്‍ എസ്.ഐ.ആര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം.

Content Highlight: Central government says it is ready for discussion in SIR