2029ന് മുമ്പ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; മണ്ഡല പുനര്‍ നിര്‍ണയ ബില്ല് വീണ്ടും കൊണ്ടുവരാന്‍ നീക്കവുമായി കേന്ദ്രം
India
2029ന് മുമ്പ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; മണ്ഡല പുനര്‍ നിര്‍ണയ ബില്ല് വീണ്ടും കൊണ്ടുവരാന്‍ നീക്കവുമായി കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st June 2026, 2:09 pm

ന്യൂദല്‍ഹി:രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനുള്ള ബില്ല് 2029 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇതിനൊപ്പം മണ്ഡല പുനര്‍നിര്‍ണയ ബില്ല് വീണ്ടും അവതരിപ്പിക്കാനും കേന്ദ്രസര്‍ക്കാരിന് പദ്ധതിയുള്ളതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷം ഏപ്രിലില്‍ മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെട്ടിരുന്നു. ഈ ബില്ലിന് പകരം പുതിയ ബില്ല് അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മേയ് മാസത്തില്‍ പശ്ചിമ ബംഗാളിലെയും തമിഴ്‌നാട്ടിലെയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷമുണ്ടായ മാറ്റങ്ങള്‍ ഈ നീക്കങ്ങള്‍ക്കായി മുതലെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗാളില്‍ ടി.എം.സിയില്‍ ഭിന്നതകളുയരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ ഡി.എം.കെ കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞിരുന്നു. ഇത്തരം സാഹചര്യങ്ങളാവും ബി.ജെ.പി മുതലെടുക്കുക.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വാദമുയര്‍ത്തിക്കൊണ്ട് രാജ്യത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനായുള്ള ബില്ല് നിലവില്‍ ഒരു 39 അംഗ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലാണ്.

പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തിയാല്‍ 7 ലക്ഷം കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നും ജി.ഡി.പി 1.6 ശതമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി ചെയര്‍മാനും ബി.ജെ.പി നേതാവുമായ പി.പി. ചൗധരി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

ഈ തെരഞ്ഞെടുപ്പ് സംവിധാനം രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെയോ അടിസ്ഥാന തത്വങ്ങളെയോ മൗലികാവകാശങ്ങളെയോ യാതൊരുവിധത്തിലും ലംഘിക്കില്ലെന്ന് ഇന്ത്യയിലെ ആറ് മുന്‍ ചീഫ് ജസ്റ്റിസുമാര്‍ സമിതിയോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മണ്ഡല പുനര്‍നിര്‍ണയം വഴി പശ്ചിമ ബംഗാളിനെ മൂന്നായി ഭാഗങ്ങളായി വിഭജിക്കാന്‍ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്ന് അന്നത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന മമത ബാനര്‍ജി അഭിപ്രായപ്പെട്ടിരുന്നു.

ബംഗാളിന്റെ ചില ഭാഗങ്ങള്‍ ബി.ജെ.പി ഭരിക്കുന്ന ബീഹാര്‍, ഒഡീഷ സംസ്ഥാനങ്ങളുമായി ലയിപ്പിച്ചേക്കുമെന്നും അന്ന് തിരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കവെ മമത പറഞ്ഞിരുന്നു.

തമിഴ് നാട്ടില്‍ നാമക്കലില്‍ നടന്ന ഒരു പ്രതിഷേധ പരിപാടിയില്‍ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന എം.കെ. സ്റ്റാലിന്‍ കരിങ്കൊടി കാണിക്കുകയും ബില്ലിന്റെ പകര്‍പ്പ് കത്തിക്കുകയും ചെയ്തിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം ഇല്ലാതാക്കാനുള്ള നീക്കമാണിതെന്ന് ഡി.എം.കെ അഭിപ്രായപ്പെട്ടിരുന്നു.

Content Highlight: Central Government Reportedly trying to push One Nation One Election Bill And Delimitation Bill Before 2029 Election