പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രനീക്കം
national news
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രനീക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th July 2018, 12:18 pm

ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ വീണ്ടും കേന്ദ്ര നീക്കം. കേരളത്തിന്റെ വിയോജിപ്പിനെ തുടര്‍ന്ന് തല്‍ക്കാലം നിര്‍ത്തിവെച്ച നിരോധനമാണ് കേരളത്തില്‍ അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും സജീവമായത്.

കഴിഞ്ഞ ദിവസത്തെ അവലോകന ഓഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും വിശദവിവരങ്ങള്‍ തേടി.

കേരളാപോലീസ് ഇന്റലിജന്‍സും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ കേരളത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഐ.ബി. റാണിയും റിപ്പോര്‍ട്ട് നല്‍കി. ഇതടിസ്ഥാനമാക്കിയാണ് കേന്ദ്രനീക്കം.

അതേസമയം, കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ഇന്റലിജന്‍സ് എ.ഡി.ജി.പി ടി.കെ വിനോദ് കുമാറിനെ രാജ്ഭവനില്‍ വിളിച്ചുവരുത്തിയാണ് വിശദീകരണം തേടിയത്.


Read:  ഭാരതീയ സംസ്‌കാരത്തില്‍ വിവാഹത്തിന് സംശുദ്ധിയുണ്ട്: വിവാഹേതര ബന്ധത്തില്‍ സ്ത്രീകളെ കുറ്റക്കാരാക്കാനുള്ള നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്രം


കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയത് എന്നാണ് വിവരം. സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്യുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകം, ഗോരക്ഷാപ്രവര്‍ത്തനം ആരോപിച്ച് കൊല്ലം പുത്തൂരില്‍ സൈനികന്റെ വീടാക്രമിച്ച സംഭവം, ആര്‍.എസ്.എസ്.-സി.പി.ഐ.എം. അക്രമം ലക്ഷ്യമിട്ട് ചവറയില്‍ സി.പി.ഐ.എം. കൊടിമരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബി.ജെ.പി. കൊടികെട്ടിയ സംഭവം എന്നിവ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.


Read:  ഒരു വ്യക്തിയെ മാത്രം ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് ‘മൈ സ്റ്റോറി’ക്ക് നേരെ നടക്കുന്നത്: അജു വര്‍ഗീസ്


മതതീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കാനും രഹസ്യവിവരങ്ങള്‍ പങ്കുവെക്കാനും കേരളത്തില്‍ തുടങ്ങിയ ഇരുന്നൂറിലേറെ വാട്സാപ്പ് ഗ്രൂപ്പുകളെക്കുറിച്ചും കേന്ദ്ര കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. കേരളാപോലീസില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന “പച്ചവെളിച്ചം” എന്ന വാട്സാപ്പ് ഗ്രൂപ്പിനെക്കുറിച്ചും അതില്‍ പരാമര്‍ശിക്കുന്നുണ്ട്.