'ദി വയറി'ന്റെ വിലക്ക് നീക്കി കേന്ദ്ര സര്‍ക്കാര്‍
national news
'ദി വയറി'ന്റെ വിലക്ക് നീക്കി കേന്ദ്ര സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th May 2025, 5:46 pm

 

ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ മാധ്യമമായ ദി വയറിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി കേന്ദ്ര സര്‍ക്കാര്‍. കമ്പനി തന്നെയാണ് വിലക്ക് നീക്കിയ കാര്യം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കേന്ദ്ര സര്‍ക്കാര്‍ വെബ്‌സൈറ്റിന് വിലക്ക് ഏര്‍പ്പെടുത്തി 12-15 മണിക്കൂറുകള്‍ക്ക് ശേഷമാണ് വിലക്ക്
ഒഴിവാക്കിയത്.

കമ്പനി പുറത്ത് വിട്ട പ്രസ്താവനയില്‍ എന്തുകൊണ്ടാണ് വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതെന്ന കാര്യവും പറയുന്നുണ്ട്. വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി സ്ഥാപനം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്ങ് മിനിസ്ട്രിക്കും മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിക്കും വിശദീകരണം ആവശ്യപ്പെട്ട് കത്തയിച്ചിരുന്നു.

ഇതിന് മറുപടിയായി ലഭിച്ച ഇ മെയിലില്‍ റാഫേലനിനേയും പാകിസ്ഥാനേയും പറ്റിയുള്ള ഒരു ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതെന്നാണ് പറയുന്നത്.

എച്ച്.ടി.ടി.പി.എസ് വെബ്‌സൈറ്റുകളില്‍ ഒരൊറ്റ പേജ് മാത്രമായി ബ്ലോക്ക് ചെയ്യാന്‍ സാധിക്കില്ലെന്നും അതിനാലാണ് സാങ്കേതിക പരിമിതി മൂലം വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തതെന്നാണ് പറയുന്നത്. ബ്ലോക്ക് നീക്കുന്നതിനായി വയറിന് ഐ.ടി ആക്ട് പ്രകാരം രൂപീകരിച്ച ഒരു ഡിപ്പാര്‍ട്ടമെന്റിന് മുന്നില്‍ അഭിപ്രായങ്ങളും വിശദീകരണങ്ങള്‍ നല്‍കാനുള്ള അവസരമുണ്ടെന്നും എന്നാല്‍ അതിനുള്ള അവസരം ലഭിച്ചില്ലെന്നും വയര്‍ പപ്രസ്താവനയില്‍ അവകാശപ്പെട്ടു.

തുടര്‍ന്ന് ദി വയറിന്റെ സ്ഥാപക എഡിറ്ററായ സിദ്ധാര്‍ത്ഥ് വരദരാജന്‍ മെയ് ഒമ്പതിന് തന്നെ മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കത്തയച്ചു. ഈ കത്തില്‍ പ്രസ്തുത വാര്‍ത്ത പൊതുജനങ്ങള്‍ക്ക് ആക്‌സസ് ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് സിദ്ധാര്‍ത്ഥ് വരദരാജന്‍ വ്യക്തമാക്കി.

ഈ കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചട്ടപ്രകാരമല്ല വെബ്‌സൈറ്റ് റദ്ധാക്കിയതെന്ന് എഡിറ്റര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഐ.ടി ആക്ട് പ്രകാരം വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യുന്നതിന് മുമ്പ് പ്രസ്തുത വാര്‍ത്തയെത്തക്കുറിച്ച് മാധ്യമസ്ഥാപനത്തിന് നോട്ടീസ് അയക്കണമെന്നും അവര്‍ക്ക് പറയാനുള്ള അഭിപ്രായങ്ങള്‍ കേള്‍ക്കണമെന്നുമുണ്ട്. വാര്‍ത്ത റദ്ദാക്കാന്‍ ഐ.ഡി.സി നിര്‍ദേശം നല്‍കുകയും സ്ഥാപനം അത് അനുസരിക്കാതിരിക്കുമ്പോഴാണ് വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യുന്നതിലേക്ക് കടക്കാന്‍ കഴിയൂ എന്നും കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അതിനൊന്നും കേന്ദ്രം അവസരം നല്‍കിയിരുന്നില്ല.

ഇത്തരത്തിലുള്ള അടിയന്തര അധികാരങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ആരോപണ വിധേയരായ കക്ഷിക്ക് നിര്‍ദേശം നല്‍കണമെന്നുണ്ടെങ്കിലും ദി വയര്‍ കത്തെഴുതിയതിന് ശേഷവും ഏഴ് മണിക്കൂര്‍ നേരത്തേക്ക് തങ്ങള്‍ക്ക് മന്ത്രാലയത്തില്‍ നിന്ന മറുപടി ലഭിച്ചില്ലെന്നും വയറിന്റെ പ്രസ്താവനയില്‍ പറയുന്നു.

Content Highlight: Central government lifts ban on ‘The Wire’