ചെങ്കോട്ടയിലേത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍
India
ചെങ്കോട്ടയിലേത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th November 2025, 8:55 pm

ന്യൂദല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥിരീകരണം.

ഭീകരാക്രമണത്തെ അപലപിച്ച് മന്ത്രിസഭ പ്രമേയം പാസാക്കി. ആക്രമണത്തില്‍ അടിയന്തരവും വിദഗ്ധവുമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിക്കൊണ്ടാണ് പ്രമേയം പാസാക്കിയത്.


ഭീകരതക്കെതിരെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സുരക്ഷകാര്യ മന്ത്രിസഭ വ്യക്തമാക്കി. കുറ്റവാളികളെയും ആക്രമണം സ്‌പോണ്‍സര്‍ ചെയ്തവരെയും ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രിസഭ അറിയിച്ചു.

സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് യോഗം ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ദല്‍ഹിയിലെ സ്ഫോടനത്തില്‍ അപലപിച്ച ലോകരാജ്യങ്ങള്‍ക്ക് മന്ത്രിസഭ അറിയിച്ചു.

സര്‍ക്കാരിന്റെ ഉന്നതതലങ്ങളില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും പ്രമേയത്തില്‍ പറയുന്നു. കുറ്റവാളികളെ ഉടന്‍ തന്നെ നിയമത്തിന് മുമ്പിലെത്തിക്കാന്‍ കഴിയുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം 6.52ഓടെയാണ് ദല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ലാല്‍ഖില മെട്രോ സ്റ്റേഷന്‍ ഒന്നാം ഗേറ്റിലെ ട്രാഫിക് സിഗ്‌നലില്‍ വെച്ച് കാര്‍ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്. ദുരന്തത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Content Highlight: Central government confirms Red Fort attack was a terrorist attack