ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍
India
ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th October 2025, 7:55 pm

ന്യൂദല്‍ഹി: ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വിരമിച്ച സുപ്രീം കോടതി ജഡ്ജി ബി.എസ്. ചൗഹാന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് നിയമിച്ചത്. സംഘര്‍ഷങ്ങളും തുടര്‍ന്നുണ്ടായ പൊലീസ് നടപടികളും അന്വേഷിക്കും.

ലഡാക്ക് സംഘര്‍ഷത്തിനിടെ നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ ആവശ്യമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നും ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് ലേയില്‍ നിരാഹാര സമരം നടത്തിയിരുന്നു. ഇതിനിടെയായിരുന്നു പൊലീസ് ഇടപെടലില്‍ പ്രതിഷേധം അക്രമാസക്തമായത്.

നാല് പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. പൊലീസ് വെടിവെപ്പിലാണ് മരണം സംഭവിച്ചതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ 90ഓളം പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പിയുടെ പ്രാദേശിക ഓഫീസും സി.ആര്‍.പി.എഫിന്റെ വാഹനവും പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയിരുന്നു.

ഈ സംഭവത്തിന് പിന്നാലെയാണ് ലഡാക്ക് സംഘര്‍ഷത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി സോനം വാങ്ചുക്കിനെ സെപ്റ്റംബര്‍ 26ന് ദേശീയ സുരക്ഷാനിയമപ്രകാരം അറസ്റ്റ് ചെയ്തത്. വാങ്ചുക്കിന്റെ എന്‍.ജി.ഒയ്ക്ക് എതിരെ സി.ബി.ഐ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

വാങ്ചുക്കിന്റെ കസ്റ്റഡിയെ ചോദ്യം ചെയ്തും അദ്ദേഹത്തെ അടിയന്തിരമായി മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സോനം വാങ്ചുക്കിന്റെ പങ്കാളി ഗീതാഞ്ജലി ജെ. അന്‍ങ്മോ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിലവില്‍ സോനം വാങ്ചുക്കിന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.

Content Highlight: Central government announces judicial inquiry into Ladakh conflict