കേന്ദ്ര മന്ത്രി സുരേഷ് ഗോപി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ അനുമതി ഇന്നലെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നിഷേധിച്ചിരുന്നു. ‘ജാനകി’ എന്നത് സീതയുടെ പേര് ആയതിനാല്‍ മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം. മുംബൈയിലെ റീജിണല്‍ ഓഫീസാണ് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള അനുമതി നിഷേധിച്ചത്. ചിത്രം ജൂണ്‍ 27ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.
സിനിമയുടെ പേരിലെ ജാനകി മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം നിര്‍മാതാക്കള്‍ നിരസിച്ചതോടെ ചിത്രത്തിന്റെ പ്രദര്‍ശന അനുമതി നിഷേധിക്കുകയായിരുന്നു. ഈ മാസം 27നായിരുന്നു ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് തീരുമാനിച്ചിരുന്നത്.
വക്കീലിന്റെ വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. അനുപമ പരമേശ്വരന്‍, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എന്നാല്‍ ഇപ്പോഴുണ്ടായ വിവാദത്തില്‍ സുരേഷ് ഗോപി ഇതുവരെയും പ്രതികരിച്ചിട്ടില്ല.
അതേസമയം സെന്‍സര്‍ ബോര്‍ഡിന്റെ ഈ തീരുമാനത്തിനെതിരെ നിര്‍മാതാക്കളുടെ സംഘടനയായ ഫെഫ്ക രംഗത്ത് വന്നിരുന്നു. ഇത്തരം നിര്‍ദേശങ്ങള്‍ ആവിഷ്‌ക്കാര സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സംഘടന പറഞ്ഞു.