തിരുവനന്തപുരം: കേരളം മാവോയിസ്റ്റ് മുക്തമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മാവോയിസ്റ്റ് പ്രതിരോധത്തിന് ഇനി സംസ്ഥാനത്തിന് സഹായം ലഭിക്കില്ലെന്നും അറിയിച്ചു. മാവോയിസ്റ്റ് ബാധിത മേഖലകളുടെ പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കിക്കൊണ്ടാണ് കേന്ദ്രത്തിന്റെ നീക്കം.
വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളെയാണ് കേന്ദ്രം പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. അതേസമയം പശ്ചിമഘട്ടത്തില്‍ നിരീക്ഷണം തുടരുമെന്നും അറിയിപ്പുണ്ട്. മാവോയിസ്റ്റ് വിരുദ്ധ സേനയായിരിക്കും ഈ മേഖലയില്‍ നിരീക്ഷണം തുടരുക. വരും കാലങ്ങളില്‍ ഈ മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടാകുമോ എന്ന് നിരീക്ഷിക്കുന്നതിനായാണ് സേനയെ വിന്യസിക്കുന്നത്.
കേരളത്തില്‍ ഇതുവരെ 735 കേസുകളാണ് മാവോയിസ്റ്റുകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ മാത്രമായി 425 കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്.
നിലവില്‍ അഞ്ച് കേസുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയുടെ പരിഗണനയിലുണ്ട്. ഇതിനുപുറമെ ഒമ്പത് മാവോയിസ്റ്റുകള്‍ പൊലീസ് നടപടിക്കിടെ കൊല്ലപ്പെട്ടിട്ടുമുണ്ട്.