ന്യൂദല്‍ഹി: ഇന്ത്യന്‍ ഉപയോക്താക്കളുടെ 8000 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് എക്‌സ്. കേന്ദ്ര സര്‍ക്കാരിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെ തുടര്‍ന്നാണ് നീക്കം. അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായി എക്‌സ് വ്യാഴാഴ്ച അറിയിച്ചു.
എക്സിക്യൂട്ടീവ് ഉത്തരവില്‍ നടപടിയെടുത്തില്ലെങ്കില്‍, സ്ഥാപനത്തിന്റെ ഇന്ത്യയിലെ ജീവനക്കാര്‍ തടവ് നേരിടേണ്ടി വരുമെന്നും പിഴ ചുമത്തപ്പെടുമെന്നുമാണ് കേന്ദ്രം എക്സിനെ അറിയിച്ചത്. ഇതുസംബന്ധിച്ച് എക്‌സിന്റെ ഗ്ലോബല്‍ അഫയേഴ്സ് ഹാന്‍ഡില്‍ ഒരു പോസ്റ്റ് പങ്കുവെക്കുകയായിരുന്നു.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളുടെയും പ്രമുഖരായ ഉപയോക്താക്കളുടെയും അക്കൗണ്ടുകളിലേക്കുള്ള ഇന്ത്യയിലെ പ്രവേശനം തടയാനും കേന്ദ്രം എക്സിനോട് ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളിലെ ഏതൊക്കെ പോസ്റ്റുകളാണ് ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും എക്‌സ് പറയുന്നു.
അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യേണ്ടതിന്റെ കാരണം ഇന്ത്യ വ്യക്തമാക്കിയിട്ടില്ലെന്നും എക്‌സ് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവുകള്‍ പാലിക്കുന്നതിനായി നിര്‍ദിഷ്ട അക്കൗണ്ടുകള്‍ ഇന്ത്യയില്‍ മാത്രമായി ബ്ലോക്ക് ചെയ്യുമെന്നും എക്‌സ് അറിയിച്ചു.
അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തുകൊണ്ടുള്ള നടപടി സെന്‍സര്‍ഷിപ്പിന് തുല്യമാണെന്നും ഇന്ത്യയുടെ ആവശ്യങ്ങളോട് തങ്ങള്‍ വിയോജിക്കുന്നുവെന്നും എക്‌സ് പറഞ്ഞു. എന്നാല്‍ അക്കൗണ്ടുകള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും എക്‌സ് അറിയിച്ചു.
നിയമപരമായ കാരണങ്ങളാല്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടിവ് ഉത്തരവ് പ്രസിദ്ധീകരിക്കാന്‍ കഴിയില്ല. എന്നാല്‍ ഉത്തരവിന്റെ ഉള്ളടക്കം പരസ്യമാക്കുന്നത് സുതാര്യതയ്ക്ക് അത്യന്താപേക്ഷിതമാണ്. അല്ലാത്തപക്ഷം ഈ നടപടി ഏകപക്ഷീയമാണെന്ന് വിലയിരുത്തപ്പെടുമെന്നും എക്‌സ് പറഞ്ഞു.
എന്നാൽ കേന്ദ്ര സര്‍ക്കാര്‍ എപ്പോഴാണ് പ്രസ്തുത എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിൽ കൂടിയാണ് എക്‌സിന്റെ പ്രതികരണമുണ്ടാകുന്നത്.
നിലവില്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത നടപടിയില്‍ എക്സിനെതിരെ വ്യാപക പ്രതിഷേധമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീരുമാനം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് എതിരാണെന്ന് ഉപയോക്താക്കള്‍ പ്രതികരിച്ചു.
X has received executive orders from the Indian government requiring X to block over 8,000 accounts in India, subject to potential penalties including significant fines and imprisonment of the company’s local employees. The orders include demands to block access in India to…
— Global Government Affairs (@GlobalAffairs) May 8, 2025
അതേസമയം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടതില്‍ ഉപയോക്താക്കള്‍ക്ക് കോടതിയെ സമീപിക്കാമെന്നും തങ്ങള്‍ നിയമനടപടിയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും എക്‌സ് പോസ്റ്റില്‍ പറയുന്നു. ഉപയോക്താക്കള്‍ക്ക് ബന്ധപ്പെടാനുള്ള ലീഗല്‍ അതോരിറ്റിയുടെ വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കിക്കൊണ്ടാണ് എക്‌സ് പോസ്റ്റ്.
Content Highlight: Center’s executive order; 8000 accounts of Indian users closed by x.com