സി.എ.എയില്‍ 10 വര്‍ഷത്തെ ഇളവ് കൂടി; 2024 ഡിസംബര്‍ വരെ ഇന്ത്യയിലെത്തിയവര്‍ക്കും പൗരത്വത്തിന് അപേക്ഷിക്കാം
India
സി.എ.എയില്‍ 10 വര്‍ഷത്തെ ഇളവ് കൂടി; 2024 ഡിസംബര്‍ വരെ ഇന്ത്യയിലെത്തിയവര്‍ക്കും പൗരത്വത്തിന് അപേക്ഷിക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd September 2025, 6:35 pm

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ഇളവുമായി കേന്ദ്രം. 2024 ഡിസംബര്‍ 31 വരെ ഇന്ത്യയിലെത്തിയവര്‍ക്ക് രാജ്യത്ത് തുടരാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 അവസാനം വരെ ഇന്ത്യയിലെത്തിയ സിഖ്, പാഴ്‌സി, ജൈന, ക്രിസ്ത്യന്‍ എന്നീ സമുദായത്തില്‍പ്പെട്ടവര്‍ക്കാണ് രാജ്യത്ത് തുടരാനാകുക.

നേരത്തെ 2014 ഡിസംബര്‍ 31നും അതിനുമുമ്പും ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രേഖകളില്ലാത്ത മുസ്‌ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് പൗരത്വ ഭേദഗതി നിയമം അനുശാസിച്ചിരുന്നത്. ഇതിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഇളവ് വരുത്തിയിരിക്കുന്നത്.

എന്നാല്‍ ഈ ഇളവിലും മുസ്‌ലിങ്ങളായ കുടിയേറ്റക്കാര്‍ക്ക് പരിഗണന നല്‍കിയിട്ടില്ല. നിലവില്‍ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍, മതപരമായ പീഡനങ്ങളെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള സാധുവായ രേഖകളോട് കൂടിയോ അല്ലാതെയോ ഇന്ത്യയിലേക്ക് കുടിയേറിയവരുടെ കൈവശമുള്ള രേഖകളുടെ നിയമസാധുത കലഹരണപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടുന്നു.


ഇവര്‍ക്ക് രേഖകളില്ലാതെ തന്നെ ഇന്ത്യയില്‍ തുടരാമെന്നും മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു. സി.എ.എ നിയമത്തില്‍ ഇളവ് വരുത്തിയ വിവരം കേന്ദ്രമന്ത്രി സുകന്ത മജൂംദാരാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. തീരുമാനം മനുഷ്യത്വത്തിനും നീതിക്കും വേണ്ടിയുള്ള ഒരു ചുവടുവെപ്പാണെന്നും കേന്ദ്രമന്ത്രി എക്സില്‍ കുറിച്ചു.

അതേസമയം പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രത്തിന്റെ നിര്‍ണായകമായ നീക്കം. 2019ലാണ് കേന്ദ്രം പൗരത്വ ഭേദഗതി നിയമം പാസാക്കിയത്. നിലവില്‍ ബംഗാള്‍, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ സി.എ.എ പ്രകാരം പൗരത്വം അനുവദിച്ചിട്ടുണ്ട്.

സംസ്ഥാന എംപവേര്‍ഡ് കമ്മിറ്റികളാണ് അപേക്ഷകര്‍ക്ക് പൗരത്വം നല്‍കിയത്. ഇതിനിടെ ബംഗാളില്‍ സി.എ.എ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇത് മറികടന്നുകൊണ്ടാണ് സംസ്ഥാനത്തെ കുടിയേറ്റക്കാര്‍ക്ക് കേന്ദ്രം പൗരത്വം അനുവദിച്ചത്.

രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കുന്നതിനെതിരെ നിരവധി ഹരജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തില്‍ പൗരത്വം നല്‍കിയത് ശരിയായ നടപടിയല്ലെന്ന് കേന്ദ്രത്തിനെതിരെ വിമര്‍ശനമുണ്ടായിരുന്നു. സി.എ.എക്കെതിരെ 200ലധികം ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

Content Highlight: Center relaxes Citizenship Amendment Act