ലക്ഷദ്വീപില്‍ ത്രിഭാഷനയം അടിച്ചേല്‍പ്പിക്കാനൊരുങ്ങി കേന്ദ്രം; മഹലും അറബിയും ഇനി പഠിപ്പിക്കില്ല
Kerala News
ലക്ഷദ്വീപില്‍ ത്രിഭാഷനയം അടിച്ചേല്‍പ്പിക്കാനൊരുങ്ങി കേന്ദ്രം; മഹലും അറബിയും ഇനി പഠിപ്പിക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd June 2025, 8:25 am

കൊച്ചി: കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപില്‍ ത്രിഭാഷനയം അടിച്ചേല്‍പ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ദ്വീപിലെ പ്രാദേശിക ഭാഷകള്‍ മാത്രം അറിയാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാവുന്ന നടപടിയാണ് കേന്ദ്രത്തിന്റേത്. മിനിക്കോയ് ദ്വീപിലെ മഹല്‍ ഭാഷയേയും ദ്വീപീല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന അറബി ഭാഷയേയും സിലബസില്‍ നിന്ന് പുറത്താക്കിയാണ് കേന്ദ്രം മറ്റ് ഭാഷകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.

ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ദ്വീപ് നിവാസികള്‍. ലക്ഷദ്വീപിലെ വിദ്യാഭ്യാസ ഡയറക്ടറായ റാം പത്മകുമാര്‍ ത്രിപാഠിയാണ് ത്രിഭാഷ നയം ഏര്‍പ്പെടുത്തി ഉത്തരവിറക്കിയത്. ദേശീയ വിദ്യാഭ്യാസ നയം 2020, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എന്‍.സി.എഫ് 2023) എന്നിവ പ്രകാരമാണ് പുതിയ ഉത്തരവ്. മെയ് 14നാണ് പുതിയ ഉത്തരവ് പുറത്ത് വന്നത്.

ലക്ഷദ്വീപില്‍ കേരള, സി.ബി.എസ്.ഇ സിലബസുകളിലാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. പത്ത് ദ്വീപകളിലായി 3092 വിദ്യാര്‍ത്ഥികളാണ് കേരള സിലബസ് പഠിക്കുന്നത്. മിനിക്കോയിയിലെ സംസാരഭാഷയായ മഹല്‍ ഭാഷയും സ്‌കൂളുകളില്‍ പഠിപ്പിക്കുന്നുണ്ട്. മഹല്‍ സംസാരിക്കുന്ന പലയാളുകള്‍ക്കും മലയാളം അറിയില്ല എന്നതും പ്രതിസന്ധിയാണ്‌.

മിനിക്കോയ് ഒഴികെയുള്ള ദ്വീപുകളില്‍ ജസരി എന്ന ലിപിയില്ലാത്ത ഭാഷയാണ് സംസാരിക്കുന്നത്. ഇവര്‍ക്ക് പുറമെ അറബി പഠിക്കുന്ന വലിയൊരു വിഭാഗവുമുണ്ട്. ജൂണ്‍ ഒമ്പതിന് സ്‌കൂള്‍ തുറക്കുമ്പോള്‍ ഈ ഭാഷകള്‍ ഉപേക്ഷിച്ച് ഇവര്‍ക്ക് മറ്റ് ഭാഷകള്‍ തെരഞ്ഞെടുക്കേണ്ടി വരും. ഇത് ദ്വീപില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി തെളിയിച്ചിട്ടുണ്ട്.

Content Highlight: Center plans to impose three-language policy in Lakshadweep; Mahal and Arabic will no longer be taught