ലോകേഷ് സംവിധാനം ചെയ്ത സിനിമകളില്‍ പലരുടെയും ഫേവറെറ്റാണ് കൈതി. യാതൊരു പ്രതീക്ഷയുമില്ലാതെ പോയവര്‍ക്ക് ലൈഫ്‌ടൈം തിയേറ്റര്‍ എക്‌സ്പീരിയന്‍സ് സമ്മാനിച്ച ചിത്രം രണ്ടാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാണ് അവസാനിച്ചത്. ലോകേഷ് പിന്നീട് സംവിധാനം ചെയ്ത രണ്ട് സിനിമകളില്‍ കൈതി റഫറന്‍സിന് ലഭിച്ച റെസ്‌പോണ്‍സ് ദില്ലി എന്ന കഥാപാത്രത്തിന്റെ ഫാന്‍ ബേസിന്റെ സൂചനയാണ്.

എന്നാല്‍ കൈതി റിലീസ് ചെയ്തിട്ട് ഏഴ് വര്‍ഷം പിന്നിട്ടിട്ടും രണ്ടാം ഭാഗത്തിന്റെ വര്‍ക്കുകള്‍ ആരംഭിക്കാത്തത് ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്ന ഒന്നാണ്. 2025 ഡിസംബറില്‍ കൈതി 2ന്റെ വര്‍ക്കുകള്‍ ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും ലോകേഷ് മറ്റൊരു പ്രൊജക്ടിലേക്ക് പോയതിനാല്‍ ചിത്രം വീണ്ടും നീണ്ടുപോയിരിക്കുകയാണ്.

കൈതി 2 Photo: The Chennai Times/ X.com

ഇപ്പോഴിതാ ദില്ലിയുടെ രണ്ടാം വരവിനെക്കുറിച്ചുള്ള ചെറിയൊരു അപ്‌ഡേറ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. കൈതി 2ന്റെ അനൗണ്‍സ്‌മെന്റെ വീഡിയോ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റ് പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി. കൈതിയുടെ നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ദില്ലി എന്ന പേരില്‍ ഒരു ടീസര്‍ സെന്‍സര്‍ ചെയ്തതിന്റെ  സര്‍ട്ടിഫിക്കറ്റാണ് വൈറലായത്.

30 സെക്കന്‍ഡ് മാത്രമുള്ള ഈ ടീസര്‍ കൈതി 2ന്റെ അനൗണ്‍സ്‌മെന്റായിരിക്കുമെന്നാണ് പലരും അനുമാനിക്കുന്നത്. ലോകേഷിന്റെ പിറന്നാള്‍ദിനമായ മാര്‍ച്ച് 14ന് ടീസര്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലു അര്‍ജുനുമായുള്ള പ്രൊജക്ടിന് ശേഷം ലോകേഷ് ഉറപ്പായും കൈതി 2ലേക്ക് കടക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

കൈതി 2 Photo: Cineholic/ X.com

കൂലിക്ക് ശേഷം രജിനിയും കമലും ഒന്നിക്കുന്ന ചിത്രം ലോകേഷ് സംവിധാനം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ കാരണമാണ് കൈതി 2 വൈകിയത്. എന്നാല്‍ രജിനിക്കും കമലിനും വേണ്ടി ലോകേഷ് ഒരുക്കിയ സ്‌ക്രിപ്റ്റ് ഇരുവര്‍ക്കും ഓക്കെയാകാതെ പോവുകയായിരുന്നു. ആക്ഷനും വയലന്‍സും ഒഴിവാക്കി ചെറിയ സബ്ജക്ട് ചെയ്യാനാണ് ഇരുവരും ആഗ്രഹിച്ചതെന്നും ഇക്കാരണം കൊണ്ടാണ് തന്റെ സ്‌ക്രിപ്റ്റ് അവര്‍ക്ക് വര്‍ക്കാകാത്തതെന്നും ലോകേഷ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഈ സമയം ഡ്രീം വാരിയേഴ്‌സ് മറ്റൊരു പ്രൊജക്ടിലേക്ക് കടന്നതാണ് കൈതി 2 വീണ്ടും നീണ്ടുപോകാന്‍ കാരണമായതെന്നും അതിനാലാണ് താന്‍ അല്ലു അര്‍ജുനുമായി കൈകോര്‍ത്തതെന്നും ലോകേഷ് വ്യക്തമാക്കി. 2019ല്‍ പൂര്‍ത്തിയാക്കിയ കൈതി 2ന്റെ സ്‌ക്രിപ്റ്റില്‍ കാലത്തിന്റേതായ മാറ്റങ്ങള്‍ വരുത്തണമെന്നും അതിനായി താന്‍ തയാറെടുക്കുകയാണെന്നും സംവിധായകന്‍ അറിയിച്ചു. എന്ന് വന്നാലും ദില്ലിയുടെ രണ്ടാം വരവ് ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങളുണ്ടാക്കുമെന്ന് ഉറപ്പാണ്.

Content Highlight: Censor Certificate of Kaithi 2 Announcement viral in Social Media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ