കൊച്ചി: ജാനകി സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിന് കാരണമായി സെന്‍സര്‍ ബോര്‍ഡ് ഉയര്‍ത്തി കാണിച്ചത് വിചിത്രമായ വാദങ്ങള്‍. സിനിമയില്‍ മറ്റൊരു മതക്കാരന്‍ ജാനകിയെ സഹായിക്കുന്നുണ്ടെന്നും ഇത്തരം സഹായങ്ങള്‍ ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്നും സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി.
സിനിമയുടെ സബ്ടൈറ്റിലില്‍ അടക്കം മാറ്റം വരുത്തണമെന്നും ജാനകി. വി എന്നോ വി. ജാനകി എന്നോ മാറ്റം വരുത്തണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. 96ഓളം മാറ്റങ്ങള്‍ സിനിമയില്‍ വേണമെന്നതില്‍ നിന്നാണ് രണ്ട് മാറ്റങ്ങള്‍ മതിയെന്ന് നിലപാടിലേക്ക് സെന്‍സര്‍ ബോര്‍ഡ് എത്തിയത്. സിനിമയിലെ ക്രോസ് വിസ്താരത്തിനിടയ്ക്ക് ജാനകി എന്ന് ഉപയോഗിക്കുന്ന ഭാഗം മ്യൂട്ട് ചെയ്താല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാം എന്നും സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി.
ജാനകി എന്ന പേര് രാമയണത്തിലെ സീതയുടെ പര്യയപദമാമെന്നും ഈ പേര് ഉപയോഗിക്കുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ വാദം. ഇതാദ്യമായല്ല ജാനകി എന്ന പേരിനെച്ചൊല്ലിയും ജാനകിയെ സഹായിക്കാന്‍ എത്തുന്ന ഇതര മതസ്ഥരേയും ചൊല്ലി രാജ്യത്ത് വിവാദമുണ്ടാകുന്നത്. ഈ വര്‍ഷം ഇത് സിനിമയില്‍ ജാനകിയെ സഹായിക്കാനെത്തിയ ഇതരമതസ്ഥനെ സംബന്ധിച്ചാണെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് സീതയെന്ന പെണ്‍ സിംഹത്തിന്റെ കൂട്ടില്‍ അക്ബര്‍ എന്ന് ആണ്‍ സിംഹത്തെ പാര്‍പ്പിച്ചതിനെച്ചൊല്ലിയായിരുന്നു.
സിലിഗുഡി സഫാരി പാര്‍ക്കില്‍ സീത എന്ന പെണ്‍സിംഹത്തേയും അക്ബര്‍ എന്ന ആണ്‍സിംഹത്തേയും ഒരുമിച്ച് താമസിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷ സംഘടനയായ വിശ്വഹിന്ദു പരിഷത്താണ്(വി.ച്ച്.പി) കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചത്. അന്നും സിംഹങ്ങള്‍ക്ക് പേരിട്ട അധികൃതരുടെ നീക്കം ആളുകളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന സമാനവാദം തന്നെയാണ് വി.എച്ച്.പിയും ഉന്നയിച്ചിരുന്നത്.
സിംഹങ്ങള്‍ക്ക് ഇപ്രകാരം പേര് നല്‍കിയ വനംവകുപ്പിന്റെ നിലപാട് ഹിന്ദു മതത്തെ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതാണെന്നും വി.എച്ച്.പി ആരോപിച്ചു.
തുടര്‍ന്ന് ഹരജി പരിഗണിച്ച കോടതിയാകട്ടെ മൃഗങ്ങള്‍ക്ക് ഇത്തരത്തില്‍ പേരുകള്‍ നല്‍കി വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു. ദൈവങ്ങളുടെയും പുരാണ ദൈവങ്ങളുടെയും പേരുകള്‍ മൃഗങ്ങള്‍ക്ക് നല്‍കുന്നത് ശരിയായ നീക്കമല്ലെന്നാണ് അന്ന് കോടതി പറഞ്ഞത്.
തുടര്‍ന്ന് സിംഹങ്ങളുടെ പേര് മാറ്റുകയും ത്രിപുര സര്‍ക്കാര്‍ വനം (വന്യജീവി, ഇക്കോടൂറിസം) പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം ജാനകി സ്റ്റേറ്റ് ഓഫ് കേരളയുടെ അണിയപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച് ഹരജി ഇന്ന് ഉച്ചയ്ക്ക് 1:45ലോടെ കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എന്‍. നഗരേഷിന്റെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മൂന്ന് മണിയോടെ വിധി പറയും.
Content Highlight: Censor board raises weird claims about Janaki v/s State of Kerala film