കൊച്ചി: വിവാദങ്ങൾക്കൊടുവിൽ ജാനകി Vs സ്റ്റേറ്റ് ഓഫ് കേരളക്ക് സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്. U/A 16 സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയത്. കഴിഞ്ഞ മാസം 27 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. പിന്നാലെ ചിത്രത്തിന്റെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഉടൻതന്നെ സിനിമ തിയേറ്ററുകളിലെത്തും. ജാനകി .വി Vs സ്റ്റേറ്റ് ഓഫ് കേരള എന്ന പേരിലായിരിക്കും സിനിമ തിയേറ്ററുകളിലെത്തുക.
ജാനകി എന്ന പേര് ജാനകി .വി എന്നോ വി. ജാനകിയെന്നോ ആക്കാമെന്നും ചിത്രത്തിലെ കോടതിയിലെ ക്രോസ് എക്‌സാമിനേഷൻ രംഗത്തെ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിർമാതാക്കൾ കോടതിയെ അറിയിച്ചതിനെ തുടർന്ന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു.
ജാനകി സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചതിന് കാരണമായി സെൻസർ ബോർഡ് വിചിത്രമായ വാദങ്ങളായിരുന്നു ഉയർത്തി കാണിച്ചത്. സിനിമയിൽ മറ്റൊരു മതക്കാരൻ ജാനകിയെ സഹായിക്കുന്നുണ്ടെന്നും ഇത്തരം സഹായങ്ങൾ ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്നും സെൻസർ ബോർഡ് പറഞ്ഞിരുന്നു. സിനിമയുടെ സബ്ടൈറ്റിലിൽ അടക്കം മാറ്റം വരുത്തണമെന്നും ജാനകി .വി എന്നോ വി. ജാനകി എന്നോ മാറ്റം വരുത്തണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. 96ഓളം മാറ്റങ്ങൾ സിനിമയിൽ വേണമെന്ന് നേരത്തെ സെൻസർ ബോർഡ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പിന്നീട് രണ്ട് മാറ്റങ്ങൾ മതിയെന്ന് നിലപാടിലേക്ക് സെൻസർ ബോർഡ് എത്തുകയായിരുന്നു.