ന്യൂദല്‍ഹി: ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സകളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പരസ്യം നല്‍കിയതിന് വി.എല്‍.സി.സി ലിമിറ്റഡിന് പിഴ. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.സി.പി.എ)യുടേതാണ് നടപടി. മൂന്ന് ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.
ഇതിനുപുറമെ വി.എല്‍.സി.സി ലിമിറ്റഡിന് ഇനിമുതല്‍ പരസ്യം പ്രസിദ്ധീകരിക്കണമെങ്കില്‍ അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്ന ഏതാനും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം.
യു.എസ്-എഫ്.ഡി.എ അംഗീകൃത കൂള്‍സ്‌കള്‍പ്റ്റിങ് മെഷീനുകള്‍ ഉപയോഗിച്ച് ശരീരഭാരം കുറയ്ക്കുന്ന ചികിത്സയെ കുറിച്ചാണ് വി.എല്‍.സി.സി തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ നല്‍കിയത്.
ഒരൊറ്റ സെഷന്‍ കൊണ്ടുതന്നെ ഭാരവും തടിയും കുറയുമെന്നുമാണ് വി.എല്‍.സി.സി പരസ്യത്തിലൂടെ അവകാശപ്പെട്ടതെന്നാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പറയുന്നത്. ഒരു സെഷനില്‍ 600 ഗ്രാം വരെയും ഏഴ് സെന്റിമീറ്റര്‍ വരെയും കുറവുണ്ടാകുമെന്നാണ് വി.എല്‍.സി.സി അവകാശപ്പെട്ടത്.
ഈ വാദം കൂള്‍സ്‌കള്‍പ്റ്റിങ് മെഷീനുകള്‍ക്ക് നിലവില്‍ നല്‍കിയിട്ടുള്ള അംഗീകാരത്തിന്റെ പരിധിക്കപ്പുറമാണെന്നും അതോറിറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ബ്യൂട്ടി മേഖലയിലെ പരസ്യങ്ങളെ കുറിച്ചുള്ള ഒരു പരാതി മുഖേനയാണ് വി.എല്‍.സി.സിയുടെ നീക്കങ്ങള്‍ കണ്ടെത്തിയതെന്നും അതോറിറ്റി പറയുന്നു.
ഒരു സ്ഥിരം പരിഹാരമെന്ന നിലയിലാണ് വി.എല്‍.സി.സി പരസ്യം പ്രസിദ്ധീകരിച്ചതെന്നും പരസ്യം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സി.സി.പി.എ പറഞ്ഞു.
ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളില്‍ കൊഴുപ്പ് കുറയ്ക്കുന്നതിന് മാത്രമേ ഈ ചികിത്സാരീതി അംഗീകരിക്കപ്പെട്ടിട്ടുള്ളുവെന്നും ഇത് 30 അല്ലെങ്കില്‍ അതില്‍ താഴെ ബോഡി മാസ് ഇന്‍ഡക്‌സ് (BMI) ഉള്ള വ്യക്തികള്‍ക്ക് മാത്രമുള്ളതാണെന്നും സി.സി.പി.എ വ്യക്തമാക്കി.
അടിവയര്‍, തുട തുടങ്ങിയ ഭാഗങ്ങളില്‍ മാത്രമേ കൂള്‍സ്‌കള്‍പ്റ്റിങ് മെഷീനുകള്‍ ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് യു.എസ്-എഫ്.ഡി.എ അംഗീകാരം നല്‍കിയിട്ടുള്ളു. ഇന്ത്യയ്ക്ക് പ്രത്യേക അംഗീകാരമൊന്നും യു.എസ്-എഫ്ഡി.എ നല്‍കിയിട്ടില്ലെന്നും സി.സി.പി.എ പ്രസ്താവനയില്‍ പറഞ്ഞു.
നിലവില്‍ രാജ്യത്ത് കൂള്‍സ്‌കള്‍പ്റ്റിങ് മെഷീനുകള്‍ ഉപയോഗിക്കുന്ന എല്ലാ ബ്യൂട്ടി ക്ലിനിക്കുകള്‍ക്കും വെല്‍നസ് സെന്ററുകള്‍ക്കും ദാതാക്കള്‍ക്കും സി.സി.പി.എ കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ലംഘിച്ചാല്‍ പിഴ, നിര്‍ബന്ധിതമായി പരസ്യം പിന്‍വലിപ്പിക്കുക, നിയമനടപടി എന്നിവ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
Content Highlight: CCPA imposes 3L fine on VLCC for misleading ads on slimming treatments