സി.ബി.ഐ വരും; കരൂർ ദുരന്തത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് സുപ്രീംകോടതി
India
സി.ബി.ഐ വരും; കരൂർ ദുരന്തത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th October 2025, 1:24 pm

ന്യൂദൽഹി: കരൂർ ദുരന്തം സി.ബി.ഐ അന്വേഷിക്കണമെന്ന ഉത്തരവുമായി സുപ്രീം കോടതി. ദുരന്തത്തിൽ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് സുപ്രീംകോടതി പറഞ്ഞു.

മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജയ് റസ്തോഗിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയമിക്കാൻ ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരിയും എൻ.വി അഞ്ജരിയയും അടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്.

സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളും ടി.വി.കെയും ബി.ജെ.പി കൗൺസിലർമാരടക്കം നൽകിയ 5 ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.

മദ്രാസ് ഹൈക്കോടതി സി.ബി.ഐ ആവശ്യം തള്ളിയതിനെതിരെയാണ് ടി.വി.കെ ഹരജി സമർപ്പിച്ചത്. ദുരന്തത്തിന് കാരണം സർക്കാരാണെന്നും അപകടത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമായിരുന്നു ടി.വി.കെ ഹരജിയിൽ പറഞ്ഞത്.

സംസ്ഥാന സർക്കാർ അന്വേഷണം നടത്തുന്നത് ഉചിതമാകില്ലെന്നും കൃത്യമായ കാര്യങ്ങൾ വെളിച്ചത്ത് വരില്ലെന്നും ടി.വി.കെ പറഞ്ഞിരുന്നു.

ബി.ജെ.പി കൗൺസിലർമാരും ദുരന്തത്തിനിരയാവരുടെ രണ്ട് കുടുംബങ്ങളും സമർപ്പിച്ച ഹരജിയിലും ഇതേ ആക്ഷേപമാണ് ഉന്നയിച്ചിരുന്നത്.
ഇത്രയും വലിയ ജനക്കൂട്ടം എത്തുമെന്നറിഞ്ഞിട്ടും ഇതിനായി ഉചിതമായ സ്ഥലം അനുവദിച്ചു നൽകിയില്ലെന്നും ഭരണകൂടത്തിന്റെ വലിയ പരാജയമാണിതെന്നും ഹരജിയിൽ പറഞ്ഞിരുന്നു.

നേരത്തെ മദ്രാസ് ഹൈക്കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. എന്നാൽ പൊലീസിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം ശരിയായ രീതിയിൽ പോകില്ലെന്നുമായിരുന്നു ഹരജിക്കാർ ആരോപിച്ചത്.

സെപ്തംബർ 26 ന് നടനും ടി.വി.കെ സ്ഥാപകനുമായ വിജയ്‌യുടെ റാലിക്കിടയിൽ തിക്കിലും തിരക്കിലുംപ്പെട്ട് 41 പേരായിരുന്നു മരണപ്പെട്ടത്. പരിപാടിയിലേക്ക് വിജയ് വൈകി വന്നതും ആളുകൾക്കിടയിലേക്ക് വെള്ളകുപ്പികൾ എറിഞ്ഞു നൽകിയതുമാണ് അപകടത്തിന്റെ ആക്കം കൂട്ടാനിടയാക്കിയത്.

Content Highlight: CBI will come; Supreme Court wants impartial investigation into Karur tragedy