നമ്പി നാരായണനെ കുടുക്കാന്‍ അന്താരാഷ്ട്ര ഗൂഢാലോചന നടന്നോയെന്ന് പരിശോധിക്കും; കേസിലെ മുഖ്യപ്രതികളായ പൊലീസുദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് സി.ബി.ഐ. കോടതിയില്‍
Kerala News
നമ്പി നാരായണനെ കുടുക്കാന്‍ അന്താരാഷ്ട്ര ഗൂഢാലോചന നടന്നോയെന്ന് പരിശോധിക്കും; കേസിലെ മുഖ്യപ്രതികളായ പൊലീസുദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് സി.ബി.ഐ. കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th July 2021, 8:23 am

കൊച്ചി: ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കി സി.ബി.ഐ. കേസില്‍ ഗൂഢാലോചന നടത്തിയെന്ന് കേണ്ടെത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യ ഹരജിയിലാണ് സി.ബി.ഐയുടെ മറുപടി.

പൊലീസ് ഉദ്യോഗസ്ഥര്‍ കള്ളക്കേസ് ഗൂഢാലോചനയിലെ മുഖ്യപങ്കാളികളാണെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ ഭയപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സി.ബി.ഐ. പറഞ്ഞു.

നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് മതിയായ രേഖകളോ തെളിവുകളോയില്ലാതെയാണെന്നും സി.ബി.ഐ. ഹൈക്കോടതിയില്‍ മറുപടി നല്‍കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നമ്പി നാരായണനെ കേസില്‍ കുരുക്കിയതോടെ ക്രയോജനിക് സാങ്കേതിക വിദ്യ വൈകിയെന്നും അതുകൊണ്ട് തന്നെ നമ്പി നാരായണനെ കുടുക്കുന്നതിന് വേണ്ടി അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും സി.ബി.ഐ. പറഞ്ഞു.

ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഗൂഢാലോചനയില്‍ കേരള മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, ഐ.ബി. മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന ആര്‍.ബി. ശ്രീകുമാര്‍ എന്നിവരെ പ്രതി ചേര്‍ത്താണ് സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പേട്ട മുന്‍ സി.ഐ. ആയിരുന്ന എസ്. വിജയനാണ് ഒന്നാം പ്രതി.

പ്രതികള്‍ക്കെതിരെ ഗൂഢാലോചന, കസ്റ്റഡി മരണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചത്.
ചാരക്കേസില്‍ നമ്പി നാരായണനെ അടക്കം പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ച് സി.ബി.ഐ. അന്വേഷണത്തിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മെയ് മാസത്തില്‍ സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് ജൂണില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

മുന്‍ ഐ.ബി. ഉദ്യോഗസ്ഥനെ പ്രതി ചേര്‍ത്ത് സി.ബി.ഐ. മുന്‍ ഡെപ്യൂട്ടി സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ പി.എസ്. ജയപ്രകാശ്, കെ.കെ. ജോഷ്വ എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായി ദല്‍ഹിയില്‍ നിന്ന് സി.ബി.ഐ. സംഘമെത്തും.

സിബി മാത്യൂസ്, ആര്‍.ബി. ശ്രീകുമാര്‍, സി.ഐ. ആയിരുന്ന എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ നമ്പി നാരായണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

കേരള പൊലീസിലെയും ഐ.ബിയിലെയും 18 ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പുതിയ കേസില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചത്. അന്നത്തെ പേട്ട സി.ഐ. ആയിരുന്ന എസ്. വിജയന്‍ ഒന്നാം പ്രതിയും പേട്ട എസ്.ഐ. ആയിരുന്ന എസ്. ദുര്‍ഗാദത്ത് രണ്ടാം പ്രതിയുമാണ്.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന വി.ആര്‍. രാജീവനാണ് മൂന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും ആര്‍.ബി. ശ്രീകുമാര്‍ ഏഴാം പ്രതിയുമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: CBI’s reply in ISRO spy case conspiracy case in High Court