ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ പി. ചിദംബരത്തിനെതിരായ തെളിവുകള്‍ തേടി സി.ബി.ഐ സമീപിച്ചത് അഞ്ചു രാജ്യങ്ങളെ. കേസില്‍ പരാമര്‍ശിക്കുന്ന പണം എത്തിയ വഴികള്‍ തേടിയാണ് സി.ബി.ഐ ഇവരെ സമീപിച്ചിരിക്കുന്നത്.
ബ്രിട്ടന്‍, മൗറീഷ്യസ്, ബര്‍മുഡ, സ്വിറ്റ്‌സര്‍ലാന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്ക് സി.ബി.ഐ ഇതിനോടകം തന്നെ ലെറ്റേഴ്‌സ് ഓഫ് റൊഗേറ്ററി (എല്‍.ആര്‍) അയച്ചുകഴിഞ്ഞു.
വിദേശരാജ്യത്തെ കോടതിയില്‍ നിന്നു പ്രത്യേക വ്യക്തിയെക്കുറിച്ച് തെളിവുതേടി അയക്കുന്ന രേഖയാണ് എല്‍.ആര്‍.
ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ സി.ബി.ഐ പി. ചിദംബരത്തെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ നിലവില്‍ തിങ്കളാഴ്ച വരെയാണ് സി.ബി.ഐ കസ്റ്റഡിയില്‍ കോടതി വിട്ടിരിക്കുന്നത്. അറസ്റ്റ് ഭരണഘടനാവിരുദ്ധമാണെന്ന് ചിദംബരത്തിന്റെ അഭിഭാഷകര്‍ ആരോപിക്കുന്നത്.
ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കാനാവില്ലെന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്.
അതിനിടെ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന്റെ അറസ്റ്റില്‍ നിന്ന് അദ്ദേഹത്തിന് ഇടക്കാല സംരക്ഷണം ലഭിച്ചിരുന്നു. തിങ്കളാഴ്ച വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.
സി.ബി.ഐയുടെ അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി. ചിദംബരം നല്‍കിയ ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
വിദേശത്തടക്കം വലിയ തോതില്‍ സ്വത്തുക്കള്‍ ചിദംബരം സമ്പാദിച്ചിട്ടുണ്ടെന്നും 17ലധികം ബാങ്ക് അക്കൗണ്ടുകള്‍ ചിദംബരത്തിനും ബന്ധുക്കള്‍ക്കുമായുണ്ടെന്നാണ് കണ്ടെത്തിയതെന്നും അതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്. കസ്റ്റഡിയലെടുത്ത് ചോദ്യം ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാറിന്റെ ഈ വാദങ്ങള്‍ തള്ളിയാണ് ചിദംബരത്തിന് തിങ്കളാഴ്ചവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കിയത്.