ന്യൂദല്‍ഹി: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 228.06 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ സംഭവത്തില്‍ വ്യവസായി അനില്‍ അംബാനിയുടെ മകന്‍ ജയ് അന്‍മോല്‍ അംബാനിക്കെതിരെ സി.ബി.ഐ കേസെടുത്തു. വഞ്ചന, ഫണ്ട് വകമാറ്റല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ക്രിമിനല്‍ കേസെടുത്തിരിക്കുന്നത്.
ഡിസംബര്‍ ആറിന് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ (ആര്‍.എച്ച്.എഫ്.എല്‍) മുന്‍ ഡയറക്ടറായ അന്‍മോലിന് പുറമെ കമ്പനിയുടെ മുന്‍ സി.ഇ.ഒയും മുഴുവന്‍ സമയ ഡയറക്ടറുമായ രവീന്ദ്ര ശരദ് സുധാല്‍ക്കര്‍, അനോണിമസായ സഹകാരികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സി.ബി.ഐയുടെ ബാങ്കിങ് സെക്യൂരിറ്റി ആന്‍ഡ് ഫ്രോഡ് ബ്രാഞ്ചിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2016 ഏപ്രില്‍ ഒന്ന് മുതല്‍ 2019 ജൂണ്‍ 30 വരെയുള്ള കാലത്താണ് തട്ടിപ്പും ഫണ്ട് വകമാറ്റലും നടന്നതെന്ന് എഫ്.ഐ.ആര്‍ ചൂണ്ടിക്കാണിക്കുന്നു.
യൂണിയന്‍ ബാങ്കിന്റെ മുംബൈ ബ്രാഞ്ചിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അനൂപ് വിനായക് തരാലെയാണ് പരാതിക്കാരന്‍.
അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഗ്രൂപ്പിനെതിരെ 17,000 കോടി രൂപയുടെ വായ്പ ക്രമക്കേടിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും സി.ബി.ഐ അന്വേഷണം തുടരുന്നതിനിടെയാണ് അന്‍മോലിനെതിരായ കേസ്.
നിലവില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച ആന്ധ്ര ബാങ്കിനെ ആര്‍.എച്ച്.എഫ്.എല്‍ 2015ലാണ് വായ്പ തേടി സമീപിച്ചത്. 2015 ഫെബ്രുവരി 21ന് 200 കോടി രൂപയും, മേയ് 29ന് 150 കോടി രൂപയും 100 കോടി രൂപയുമുള്ള മൂന്ന് വ്യത്യസ്ത ടേം വായ്പകള്‍ അനുവദിച്ചിരുന്നു. കൂടാതെ 100 കോടിയുടെ മറ്റൊരു സാമ്പത്തിക സഹായവും ബാങ്ക് ഈ കാലയളവില്‍ തന്നെ ആര്‍.എച്ച്.എഫ്.എലിന് നല്‍കി.
ബാങ്ക് ഓഫ് ബറോഡയുടെ നേതൃത്വത്തിലെ കണ്‍സോര്‍ഷ്യം ക്രമീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു പണം അനുവദിച്ചത്.
2020 ജൂണ്‍ 30ലെ കണക്കനുസരിച്ച് 3231.64 കോടി രൂപ വിലമതിക്കുന്ന വായ്പകള്‍ ആര്‍.എച്ച്.എഫ്.എല്ലിന്റെ പേരിലുണ്ടായിരുന്നു. 2020 മേയ് ആറിന് സമര്‍പ്പിച്ച ബാങ്ക് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 12,573.06 കോടി രൂപയുടെ വായ്പകളുടെ 86 ശതമാനവും പോട്ടന്‍ഷ്യലി ഇന്‍ഡയറക്ടിലി ലിങ്ക്ഡ് എന്റിറ്റികളി(PILE)ലൂടെ തിരിച്ചുവിട്ടതായും കമ്പനിയുടെ തിരിച്ചടവ് ശേഷി സംബന്ധിച്ച മതിയായ ഈട് ഇല്ലാതെയാണ് പല വായ്പകളും അനുവദിച്ചതെന്നും കണ്ടെത്തിയിരുന്നു.
ജയ് അന്‍മോല്‍ അംബാനി: Photo: PTI
വായ്പയുടെ ഏകദേശം 40 ശതമാനം ഫണ്ട് (മൊത്തം 3573.06 കോടി രൂപ) ഭവന വായ്പയായി നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ കമ്പനിയുടെ കടം തീര്‍ക്കുന്നതിനായി ഉപയോഗിച്ചെന്നും കണ്ടെത്തിയിരുന്നു.
18 ശതമാനം അഥവാ 1610.13 തോടി രൂപ ആര്‍.എച്ച്.എഫ്.എല്ലിലേക്ക് തിരികെ ലഭിക്കുന്ന രീതിയിലുള്ള ഇടപാടാണെന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ഈ തുകയുടെ 22 ശതമാനം വരുന്ന 1934.88 കോടി രൂപ കമ്പനി എങ്ങനെ വിനിയോഗിച്ചു എന്നത് സംബന്ധിച്ച് കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായില്ല.
2019 സെപ്റ്റംബര്‍ 30ന് ആര്‍.എച്ച്.എഫ്.എല്‍ ഒരു നിഷ്‌ക്രിയ ആസ്തിയായി മാറി. പിന്നീട് മാനേജ്‌മെന്റില്‍ മാറ്റം വരുത്തി 2019 ജൂണ്‍ ഏഴിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലില്‍ പ്രശ്‌നം പരിഹരിച്ചെങ്കിലും 2024 ഒക്ടോബര്‍ 10ന് പ്രമോട്ടര്‍മാരും ഡയറക്ടര്‍മാരും വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് യൂണിയന്‍ ബാങ്ക് സ്ഥിരീകരിച്ചു.
തുടര്‍ന്ന് 2024 ഒക്ടോബര്‍ 16ന് സംഭവം ആര്‍.ബി.ഐയെ അറിയിച്ചു. 2023 മാര്‍ച്ച് 29ന് നടപ്പിലാക്കിയ പരിഹാര പദ്ധതി പ്രകാരം നീക്കങ്ങള്‍ നടത്തിയെങ്കിലും യൂണിയന്‍ ബാങ്കിന് 60.23 കോടി രൂപ മാത്രമാണ് തിരികെ ലഭിച്ചത്.
പിന്നീട്, സി.ബി.ഐ അന്വേഷണത്തില്‍ റിലയന്‍സ് കൊമേഴ്ഷ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് ടെലികോം ലിമിറ്റഡ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, കെ.എം ടോള്‍ റോഡ് തുടങ്ങിയ വിവിധ കമ്പനികളിലൂടെ വായ്പാ പണവും ആര്‍.എച്ച്.എഫ്.എല്ലിന്റെ വായ്പാ ഫണ്ടും വകമാറ്റിയതായി സി.ബി.ഐ കണ്ടെത്തി.
C0ntent Highlight: CBI files case against Anil Ambani’s son in Rs 228 crore fraud case