സി.ബി.ഐ ഡയറക്ടറെ നിശ്ചയിക്കാന്‍ നരേന്ദ്രമോദി അധ്യക്ഷനായ സമിതി യോഗം 24ന്
national news
സി.ബി.ഐ ഡയറക്ടറെ നിശ്ചയിക്കാന്‍ നരേന്ദ്രമോദി അധ്യക്ഷനായ സമിതി യോഗം 24ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th January 2019, 7:20 pm

ന്യൂദല്‍ഹി: പുതിയ സി.ബി.ഐ തലവനെ കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ഉന്നതാധികാര സമിതി ജനുവരി 24ന് യോഗംചേരും. മോദിക്ക് പുറമേ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി എന്നിവരാണ് പാനലിലെ അംഗങ്ങള്‍.

പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള ഉന്നതതല സമിതിയുടെ യോഗം ഉടന്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 24ന് യോഗം ചേരാന്‍ തീരുമാനിച്ചത്. അതേസമയം, സി.ബി.ഐയുടെ താല്‍കാലിക ഡയറക്ടറായി എം. നാഗേശ്വര റാവുവിനെ നിയമിച്ച നടപടിയെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.


സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയെ അര്‍ധ രാത്രിയില്‍ മാറ്റിയ നടപടി സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അലോക് വര്‍മ സി.ബി.ഐ ആസ്ഥാനത്തെത്തി ഡയറക്ടറായി ചുമതലയേറ്റു.

തുടര്‍ന്ന് പ്രധാനമന്ത്രി അധ്യക്ഷനായ സമിതി വീണ്ടും യോഗം ചേര്‍ന്ന് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മ്മയെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. അതിനു പിന്നാലെ അലോക് വര്‍മ്മ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെക്കുകയും ചെയ്തു.

അതേസമയം, അലോക് വര്‍മ്മയെ നീക്കുന്നത് സംബന്ധിച്ച തീരുമാനമെടുത്ത ജനുവരി പത്തിലെ യോഗത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പങ്കെടുത്തിരുന്നില്ല.


24ന് ചേരുന്ന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുമോ എന്നകാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ചെയ്യുന്നു. ജസ്റ്റിസ് എ.കെ സിക്രിയാണ് ചീഫ് ജസ്റ്റിസിനു പകരം അന്ന് യോഗത്തില്‍ പങ്കെടുത്തത്.