ഐ.എസ്.ആര്‍.ഒ ചാരക്കേസ് കെട്ടിച്ചമച്ചത്; കുറ്റപത്രവുമായി സി.ബി.ഐ
national news
ഐ.എസ്.ആര്‍.ഒ ചാരക്കേസ് കെട്ടിച്ചമച്ചത്; കുറ്റപത്രവുമായി സി.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2024, 5:05 pm

ന്യൂദല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് സി.ബി.ഐ കുറ്റപത്രം. മുന്‍ സി.ഐ എസ്. വിജയന്‍ കേസ് കെട്ടിച്ചമെച്ചതെന്നാണ് കുറ്റപത്രം. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് മുന്‍ ഡി.ജി.പി സിബി മാത്യൂസ് അറസ്റ്റ് ചെയ്തതെന്നും സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നു.

മുന്‍ പൊലീസ് ഉദ്യോഗസ്ഥരും ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് സി.ബി.ഐയുടെ കുറ്റപത്രം. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, തടഞ്ഞു വെക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സി.ഐ എസ്. വിജയന്‍, മുന്‍ ഡി.ജി.പി സിബി മാത്യൂസ്, മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍, മുന്‍ സി.ഐ കെ.കെ. ജോഷ്വാ, മുന്‍ ഐ.ബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് എന്നിവരാണ് കേസിലെ പ്രതികള്‍. എഫ്.ഐ.ആറില്‍ 18 പ്രതികളാണ് ഉണ്ടായിരുന്നത്. മറ്റു ഉദ്യോഗസ്ഥരെ കേസില്‍ നിന്ന് സി.ബി.ഐ ഒഴിവാക്കിയിരുന്നു.

സി.ഐ ആയിരുന്ന എസ്. വിജയന്‍ മറിയം റഷീദക്കെതിരെ വഞ്ചിയൂര്‍ സ്റ്റേഷനില്‍ തെളിവുകളില്ലാതെ കേസെടുപ്പിച്ചുവെന്നാണ് കുറ്റപത്രം പറയുന്നത്. അന്യായമായി മറിയം റഷീദയെ തടങ്കലില്‍ വെച്ചു. മറിയത്തെ ചോദ്യം ചെയ്യാന്‍ ഐ.ബി ഉദ്യോഗസ്ഥരെ അനുവദിക്കുകയും ചെയ്തു. മറിയം റഷീദയെ എസ്. വിജയന്‍ കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചുവെന്നും കുറ്റപത്രം പറയുന്നു. കുറ്റസമ്മതം നടത്താന്‍ വേണ്ടിയാണ് മറിയത്തെ ആക്രമിച്ചതെന്നാണ് കുറ്റപത്രം.

ആദ്യത്തെ അറസ്റ്റ് നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഹോസ്റ്റലിൽ വെച്ച് കടന്നുപിടിച്ചത് മറിയം റഷീദ തടഞ്ഞതിലെ വിരോധം കൊണ്ടാണ് വിജയൻ കേസ് കെട്ടിച്ചമച്ചതെന്ന് കുറ്റപത്രം പറയുന്നു. മറിയം റഷീദയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും സി.ബി.ഐ വ്യക്തമാക്കി. കസ്റ്റഡിയിലിരിക്കെ നമ്പി നാരായണൻ ക്രൂര മർദനത്തിന് ഇരയായെന്ന ഡോക്ടറുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്.

Content Highlight: CBI charges that ISRO spy case was fabricated