എഡിറ്റര്‍
എഡിറ്റര്‍
ചോദ്യം ചോദിച്ച് മാധ്യമപ്രവര്‍ത്തക ശല്യം ചെയ്‌തെന്ന് സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്റെ പരാതി: വീഡിയോ പുറത്തുവിട്ടാല്‍ ആരാണ് പീഡിപ്പിച്ചതെന്ന് മനസിലാകുമെന്ന് ചാനല്‍ എഡിറ്റര്‍
എഡിറ്റര്‍
Sunday 6th August 2017 10:23am


ന്യൂദല്‍ഹി: മുംബൈയിലെ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പഹ്‌ലജ് നിഹലാനിയുടെ പരാതി. മാധ്യമപ്രവര്‍ത്തക തന്നെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും തന്റെ സ്വകാര്യത മാനിക്കുന്നില്ലെന്നും ആരോപിച്ചാണ് പരാതി.

ദ മിറര്‍ നൗ റിപ്പോര്‍ട്ടര്‍ ആയ 23 കാരിയ്‌ക്കെതിരെയാണ് നിഹലാനി പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ‘ഹാരി മെറ്റ് സെജാല്‍’ എന്ന സിനിമയില്‍ ‘ലൈംഗിക ബന്ധം’ എന്ന വാക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നിഹലാനിയുടെ പരാതിക്ക് ആധാരമായത്.

ഈ വാക്ക് ഉപയോഗിക്കുന്നതിന് അനുകൂലമായി ഒരുലക്ഷം ഇന്ത്യക്കാരുടെ വോട്ട് സംഘടിപ്പിച്ചാല്‍ സിനിമയില്‍ ഈ വാക്ക് അനുവദിക്കാമെന്ന് സെന്‍സര്‍ബോര്‍ഡ് ചാനലിനെ വെല്ലുവിളിച്ചിരുന്നു. വെല്ലുവിളിയില്‍ ചാനല്‍ ജയിച്ചതോടെ ഇതുസംബന്ധിച്ച് ചോദ്യം ചോദിച്ച ചാനല്‍ റിപ്പോര്‍ട്ടറോട് പ്രതികരിക്കാതെ നിഹലാനി ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നിഹലാനി മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്.


Also Read: ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കുനേരെ ആയുധമെടുത്ത് ജനങ്ങള്‍: പൂനയില്‍ ടെമ്പോ തടഞ്ഞുവെച്ച ഗോരക്ഷകര്‍ക്ക് മര്‍ദ്ദനം


‘അവര്‍ എന്നെ ഓഫീസിലെത്തി നിരന്തരം ശല്യം ചെയ്യുകയാണ്. ഓഫീസിനുള്ളിലേക്കു കടക്കാന്‍ അവര്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും ഓഫീസ് സ്റ്റാഫിനെയും ചീത്തവിളിക്കുന്നു. എന്റെ ഫൂട്ടേജുകള്‍ കാണിച്ചുകൊണ്ട് അവര്‍ എന്റെ സ്വകാര്യതയ്ക്കുമേല്‍ കടന്നുകയറുന്നു.’ എന്നാണ് നിഹലാനിയുടെ ആരോപണം.

‘എന്നെ കാണുമ്പോഴെല്ലാം അവര്‍ എനിക്കൊപ്പം ലിഫ്റ്റില്‍ കയറി ക്യാമറ ഓണാക്കി എന്നെ സംസാരിക്കാന്‍ നിര്‍ബന്ധിക്കുന്നു. ടെലിവിഷനില്‍ അവര്‍ എന്നെ മോശമായി ചിത്രീകരിച്ചുകൊണ്ട് എന്റെ ഇമേജ് കളങ്കപ്പെടുത്തുന്നു.’ നിഹലാനി ആരോപിക്കുന്നു.

എന്നാല്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് ശക്തമായ പിന്തുണയറിയിച്ച് ചാനല്‍ അധികൃതര്‍ രംഗത്തുവന്നിട്ടുണ്ട്. ‘ ഒരു മാധ്യമപ്രവര്‍ത്തക ചോദ്യം ചോദിക്കുന്നത് ശല്യം ചെയ്യലാവുന്നതെങ്ങനെയാണ്. ഒരു പരാതി നല്‍കുന്നതിലൂടെ ചാനല്‍ റിപ്പോര്‍ട്ടറെയും ചാനലിനെയും അപകീര്‍ത്തിപ്പെടുത്താമെന്നാണ് നിഹലാനി ധരിച്ചതെങ്കില്‍ അദ്ദേഹത്തിന് തെറ്റി. ഇത്തരം തന്ത്രങ്ങള്‍ പരിഹാസ്യമാണ്. മുഴുവന്‍ വീഡിയോയും ഉടന്‍ ഞങ്ങള്‍ പുറത്തുവിടും. നിഹലാനിയാണ് മോശമായി പെരുമാറിയത്. അദ്ദേഹം ആ 23 കാരിയായ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചു. അവരുടെ കയ്യില്‍ പിടിച്ചുവലിക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തു.’ ചാനല്‍ എഡിറ്റര്‍ വ്യക്തമാക്കി.

Advertisement