കോഴിക്കോട്: ദീപികയ്ക്ക് പിന്നാലെ സംഘപരിവാറിനെ വിമര്‍ശിച്ച് കത്തോലിക്കാ സഭ മാസിക മുഖപത്രം. ഏറ്റവും പുതിയ ലക്കത്തിലെ എഡിറ്റോറിയലിലാണ് കേസരിയിലെ വിവാദ ലേഖനത്തെയും സംഘപരിവാര്‍ സംഘടനകളെയും വിമര്‍ശിക്കുന്നത്. ‘സംഘപരിവാര്‍ സംഘടനകളെ സത്യം മനസിലാക്കൂ; വര്‍ഗീയ അജണ്ട ഉപേക്ഷിക്കൂ’ എന്ന തലക്കെട്ടിലാണ് വിമര്‍ശനം.
ഛത്തീസ്ഗഡിലും ഒഡീസയിലും സംഘപരിവാര്‍ സംഘടനകള്‍ കന്യാസ്ത്രീകളെയും വൈദികരെയും ആക്രമിക്കുകയും കള്ളക്കേസ് ചുമത്തുകയും ചെയ്തത് തികഞ്ഞ നീതിനിഷേധവും മതേതരത്വത്തിനെതിരായ കയ്യേറ്റവുമാണെന്ന് വ്യക്തമാണ്. രാജ്യവ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടും സംഘപരിവാര്‍ സംഘടനകള്‍ക്ക് മനമാറ്റമുണ്ടായിട്ടില്ല. അക്രമത്തെ ന്യായീകരിക്കാനും കന്യാസ്ത്രീകളെയും വൈദികരെയും കുറ്റപ്പെടുത്താനുമാണ് സംഘപരിവാര്‍ തുനിഞ്ഞിട്ടുള്ളതെന്നും കത്തോലിക്കാ സഭ മുഖപത്രം പറയുന്നു.
മിഷണറിമാരോട് വിദ്വേഷവും അസൂയയും ഉടലെടുത്തിരിക്കുന്ന സംഘപരിവാറിനോട് മിഷണറി പ്രവര്‍ത്തനമെന്നാല്‍ നിങ്ങള്‍ ധരിക്കുന്നതുപോലെ നിര്‍ബന്ധിത മതപരിവര്‍ത്തനമല്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മുഖപത്രം പറയുന്നു. കന്യാസ്ത്രീകളെയും വൈദികരെയും കാണുമ്പോള്‍ സംഘപരിവാറിന് ഇത്രമാത്രം കലിയിളകാന്‍ കാരണം എന്താണെന്നും മാസിക ചോദിക്കുന്നുണ്ട്.
‘ഈ രാജ്യത്ത് നിലനില്‍ക്കുന്ന ദുഷിച്ച ജാതിവ്യവസ്ഥയും ദാരിദ്ര്യവും ചൂഷണവും ജന്മിത്വകാടത്തവും നിങ്ങള്‍ കാണാതെ പോകുന്നത് എന്തുകൊണ്ടാണ്? ഇതിനൊക്കെ കോട്ടം തട്ടുമെന്ന് ഭയന്നിട്ടാണോ നിങ്ങള്‍ കന്യാസ്ത്രീകള്‍ക്കെതിരേയും വൈദികര്‍ക്കെതിരേയും കുതിരകയറുന്നത്?,’ കത്തോലിക്കാ സഭ മുഖപത്രം വിമര്‍ശിച്ചു.
മിഷണറിമാര്‍ മതമല്ല പ്രചരിപ്പിക്കുന്നതെന്നും യേശുവിന്റെ സ്‌നേഹമാണ് പങ്കുവെക്കുന്നതെന്നും ഇതിനെ തെറ്റിദ്ധരിച്ചാണ് വൈദികരെ ആക്രമിക്കുന്നതും മിഷണറിമാര്‍ക്കെതിരെ കള്ളക്കേസ് നല്‍കുന്നതെന്നും മുഖപത്രം പറയുന്നു. അനാഥരെ ദത്തെടുത്തും ദരിദ്രരെ സ്‌നേഹിച്ചും ജീവിച്ച മദര്‍ തെരേസയുടെ ഭാരതരത്‌നം വരെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടിടത്താണ് സംഘപരിവാറിന്റെ പരാജയമെന്നും സത്യത്തെ പ്രഘോഷിക്കാന്‍ വേദങ്ങള്‍ പഠിപ്പിക്കുന്നുത് മനസിലാകാത്തതെന്തെന്നതാണെന്നും മാസിക ചോദിക്കുന്നു.
മിഷണറിമാര്‍ മതം മാറ്റിക്കൊണ്ടിരുന്നെങ്കില്‍ ഇവിടെ ഹൈന്ദവരുണ്ടാകുമായിരുന്നോ? മിഷണറിമാരെക്കുറിച്ചുള്ള ധാരണ മുന്‍ ഡി.ജി.പി. ടി. പി. സെന്‍കുമാര്‍ ഇനിയെങ്കിലും തിരുത്തിയാല്‍ കൊള്ളാം. യൂറോപ്പിലും മറ്റു ക്രൈസ്തവരാജ്യങ്ങളിലും ക്ഷേത്രങ്ങള്‍ പണിയുകയും യോഗാ സെന്ററുകളിലൂടെയും ശ്വസനപ്രക്രിയകളിലൂടെയും മറ്റും ജനങ്ങളെ ആകര്‍ഷിച്ച് ഹിന്ദുമതം വളര്‍ത്തുന്നുവെന്നും ലേഖനം ആരോപിക്കുന്നു.
‘ഗാന്ധിജിയെ വെടിവെച്ചുകൊല്ലുകയും ഘാതകനെ പുകഴ്ത്തുകയും ചെയ്യുന്ന ചിലര്‍ നിങ്ങളുടെ കൂട്ടത്തിലില്ലേ? ഫാദര്‍ സ്റ്റാന്‍ സ്വാമിയെ കൊല്ലാക്കൊല ചെയ്യിച്ച രാജ്യമല്ലേ ഇത്? എവിടെയാണ് സത്യം? എവിടെയാണ് ധര്‍മം! ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്നത് ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ഭാഗമാണോ? സിസ്റ്റര്‍ റാണി മരിയയെ കുത്തിക്കൊന്ന ജന്മിത്വം ഇന്നും ഇന്ത്യയില്‍ വിലസുന്നില്ലേ? റാണി മരിയയുടെ ഘാതകന്‍പോലും മനസ്തപിച്ചത് നിങ്ങള്‍ കണ്ടില്ലേ?’ എന്നും എഡിറ്റോറിയലിലുണ്ട്.
സംഘപരിവാര്‍ സംഘടനകള്‍ക്ക് വര്‍ഗീയ അന്ധതയാണെന്നും ഇന്ത്യയില്‍ ഇന്ന് നിരപരാധികളെ കുടുക്കാനുപയോഗിക്കുന്ന ഏറ്റവും വലിയ ആയുധമായ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മിഷണറിമാര്‍ക്കെതിരെ ഉപയോഗിക്കുകയാണെന്നും കത്തോലിക്കാ സഭ വിമര്‍ശിച്ചു. വര്‍ഗീയ വിദ്വേശങ്ങള്‍ പരത്തുന്ന പിടികിട്ടാപ്പുള്ളികള്‍ വിലസുന്നത് കാണുന്നില്ലെന്നും മുഖപത്രം പറയുന്നുണ്ട്.
അതേസമയം കേസരിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പതിപ്പില്‍ മത നേതൃത്വത്തെയും മത നേതാക്കന്മാരെയും രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. സായുധ വിപ്ലവത്തിനായി മിഷണറിമാര്‍ സാധാരണക്കാരെ നയിക്കുന്നുവെന്നും ആരോപിച്ചിരുന്നു.
മാവോയിസ്റ്റ് കലാപങ്ങള്‍ക്ക് കാരണം ക്രിസ്ത്യന്‍ മിഷണറിമാരാണെന്നും ലോകത്തെ എല്ലാ രാജ്യങ്ങളിലും ക്രൈസ്തവര്‍ കടന്നുചെന്ന് അവിടങ്ങളിലെ സംസ്‌കൃതി ഇല്ലാതാക്കിയെന്നും കേസരി ലേഖനം ആരോപണം ഉയര്‍ത്തിയിരുന്നു.