എഡിറ്റര്‍
എഡിറ്റര്‍
കാറ്റലോണിയയുടെ സ്വാതന്ത്ര്യം ഏതാനും നാളുകള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കറ്റാലന്‍ സമര നേതാവ്
എഡിറ്റര്‍
Wednesday 4th October 2017 12:17pm

ബാഴ്‌സലോണ: കാറ്റലോണിയയില്‍ വിമതരുടെ നേതൃത്വത്തില്‍ നടന്ന ഹിതപരിശോധന സ്‌പെയിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്ന് കാറ്റലന്‍ നേതാവ് വ്യക്തമാക്കിയിരിക്കുകയാണ്.

കറ്റാലന്‍ സ്വാതന്ത്ര്യ സമരം നയിക്കുന്ന കാര്‍ലോസ് പ്യൂഡ്ജ്‌മോന്റ് ബി.ബി.സിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ ആഴ്ച്ചയുടെ അവസാനമോ അടുത്ത ആഴ്ച്ചയുടെ തുടക്കത്തിലോ കറ്റാലന്‍ സര്‍ക്കാര്‍ പ്രാവര്‍ത്തികമാകുമെന്ന് പറഞ്ഞത്.

കാറ്റലോണിയന്‍ ഹിതപരിശോധനയ്ക്കു നേരെ സ്പാനിഷ് പൊലീസ് നടത്തിയ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കറ്റാലന്‍ ജനത നടത്തിയ പ്രതിഷേധ മാര്‍ച്ചിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പതിനായിരക്കണക്കിന് ആളുകളായിരുന്നു പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്.

ഹിതപരിശോധനയെ സ്പാനിഷ് സര്‍ക്കാരും കോടതിയും തളളിക്കളഞ്ഞിരുന്നു. എന്നാല്‍ വോട്ടിംഗില്‍ ഭൂരിപക്ഷം തങ്ങള്‍ക്കാണെന്നും അതിനാല്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കണമെന്നും വിമതര്‍ ആവശ്യപ്പെടുകയായിരുന്നു.


Also Read: ജനരക്ഷായാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ ‘ബലികുടീരങ്ങളേ ‘പാടി സി.കെ പദ്മനാഭന്‍; നിരാശരായി നേതാക്കള്‍


‘ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ് 48 മണിക്കൂറിനകം തന്നെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതായിരിക്കും.’ കാര്‍ലോസ് പറയുന്നു.

ഹിതപരിശോധനക്കിടെ പൊലീസ് ആക്രമണത്തെ തുടര്‍ന്ന് നൂറോളം പേര്‍ മരിക്കുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭരണഘടനയ്ക്ക് എതിരെയാണ് കാറ്റലോണിയയുടെ പ്രതിഷേധമെന്നാണ് സ്പാനിഷ് സര്‍ക്കാരിന്റെ പ്രതികരണം.

അതേസമയം, കാറ്റലോണിയയ്ക്ക് പിന്തുണയുമായി ബാഴ്‌സലോണ താരം പിക്വെയും ക്ലബ്ബ് അധികൃതരും രംഗത്തെത്തിയിരുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും സ്പാനിഷ് ഭരണകൂടത്തെ വിമര്‍ശിച്ചും കാറ്റലന്‍ സമരത്തെ അനുകൂലിച്ചും നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്.

Advertisement