ബാഹുബലിയിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ താരമാണ് പ്രഭാസ്. ഡാര്‍ലിങ് എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന റിബല്‍ സ്റ്റാറിന്റെ ഏറ്റവും പുതിയ ചിത്രം രാജാസാബാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ ഹൈദരബാദില്‍ നടന്ന ഗ്രാന്‍ഡ് ഇവന്റില്‍ പുറത്തിറക്കിയിരുന്നു.
ട്രെയ്‌ലര്‍ ലോഞ്ചിനെത്തിയ ആരാധികമാരില്‍ ഒരാളോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യവും അതിന് പെണ്‍കുട്ടി നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയത്. ഈ ലോഞ്ചിന് എത്തിയത് എന്തിനായിരുന്നു എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ പ്രഭാസിന് വേണ്ടി മാത്രമാണ് വന്നതെന്നായിരുന്നു മറുപടി. എന്തുകൊണ്ട് പ്രഭാസിനെ ഇത്രയും ഇഷ്ടപ്പെടുന്നു എന്നായിരുന്നു അടുത്ത ചോദ്യം.
‘കുട്ടിക്കാലം മുതലേ അദ്ദേഹത്തിന്റെ സിനിമകളൊക്കെയാണ് കണ്ടുവളര്‍ന്നത്. അദ്ദേഹവും ഞങ്ങളെപ്പോലെ ക്ഷത്രിയ ജാതിയില്‍ പെട്ട ആളാണ്. അതുകൊണ്ടാണ് ഇഷ്ടപ്പെടുന്നത്’ എന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. ഈ വീഡിയോ വളരെ വേഗത്തില്‍ വൈറലായിരിക്കുകയാണ്. പെണ്‍കുട്ടിയെ വിമര്‍ശിച്ച് ധാരാളം കമന്റുകളാണ് പലരും പങ്കുവെക്കുന്നത്.
തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ താരങ്ങളുടെ ജാതി നോക്കിയാണ് പലരും ആരാധിക്കുന്നതെന്ന് ഇതോടെ വ്യക്തമായെന്നാണ് പല കമന്റുകളും. ‘എന്ത് അഭിമാനത്തോടെയാണ് ആ പെണ്‍കുട്ടി ഇത് പറയുന്നത്. കേട്ടാല്‍ തോന്നും നൊബേല്‍ സമ്മാനം കിട്ടിയ കാര്യമാണ് പറയുന്നതെന്ന്. ഇന്നത്തെ കാലത്തും ഇതെല്ലാം അഭിമാനത്തോടെ പറയുന്നവരുടെ തൊലിക്കട്ടി സമ്മതിക്കണം’ എന്ന് ഹൈസന്‍ബെര്‍ഗ് എന്ന ഐ.ഡി കമന്റ് പങ്കുവെച്ചു.
പ്രഭാസ് Photo: Screen grab/ People Media Factory
തെലുങ്കില്‍ മറ്റ് താരങ്ങളായ നന്ദമൂരി ബാലകൃഷ്ണ, പവന്‍ കല്യാണ്‍ എന്നിവരുടെ ആരാധകരും പരസ്യമായി ജാതിപ്പേര് പറഞ്ഞ് അഭിമാനം കൊള്ളുന്ന വീഡിയോകളും കമന്റ് ബോക്‌സില്‍ ചിലര്‍ പങ്കുവെക്കുന്നുണ്ട്. തെലുങ്ക് ഇന്‍ഡസ്ട്രിക്ക് മൊത്തത്തില്‍ ട്രോള്‍ ലഭിക്കാനുള്ള കാരണമായി ഇന്നത്തെ വീഡിയോ മാറിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രാജാസാബ്. മാരുതി സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍ ഫാന്റസി ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. മാളവിക മോഹനന്‍, നിധി അഗര്‍വാള്‍, റിദ്ധി കുമാര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സഞ്ജയ് ദത്ത്, സറീന വഹാബ് എന്നിവരാണ് രാജാസാബിലെ മറ്റ് താരങ്ങള്‍. ജനുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.