തിരുവനന്തപുരം: രാജ്ഭവനില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന് തൊഴിലാളികള്‍. തങ്ങളെ നോട്ടീസ് പോലും നല്‍കാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്നും തൊഴിലാളികള്‍ പറഞ്ഞു. ഒമ്പത് തോട്ടം പരിപാലകരെയാണ് കാരണം കാണിക്കാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.
ഡെപ്യൂട്ടി സെക്രട്ടറി മധു ആര്‍.കെ, കംപ്‌ട്രോളര്‍ ഉത്തര എന്‍.എസ് എന്നിവര്‍ക്കെതിരായാണ് തൊഴിലാളികള്‍ പരാതി ഉന്നയിച്ചത്.
രാജ്ഭവനില്‍ ഗുരുതര മര്‍ദനമേല്‍ക്കുകയും അധികം ജോലി ചെയ്യേണ്ടി വരികയും ചെയ്ത വിജേഷ് എന്ന ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലും തോട്ടം പരിപാലകയെ തോട്ടക്കാരന്‍ പീഡിപ്പിച്ച സംഭവത്തിലും പൊലീസില്‍ മൊഴി നല്‍കിയ തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.
പ്രതികാര നടപടികളാണ് തൊഴിലാളികളോട് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും ഡിസംബര്‍ ആദ്യം മുതല്‍ ഘട്ടം ഘട്ടമായി ഓരോരുത്തരെയായി പിരിച്ചുവിടുകയായിരുന്നുവെന്നും തൊഴിലാളികള്‍ പറഞ്ഞു. ദിവസവേതന തൊഴിലാളികളോടാണ് ഉദ്യോഗസ്ഥരുടെ പ്രതികാര നടപടി.
അഷ്ടിക്ക് വകയില്ലാത്തവര്‍ പട്ടിയെ പോലെ പണിയെടുത്ത് പോയ്‌ക്കൊള്ളണമെന്ന് ഡെപ്യൂട്ടി സെക്രട്ടറി പറഞ്ഞതായും തൊഴിലാളികള്‍ പറഞ്ഞു.
പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തിലുള്ള തൊഴിലാളികളോട് അടിമകളോടെന്ന പോലെയുള്ള സമീപനമാണ് ഉന്നത ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നും തോട്ടപരിപാലനത്തിനായുള്ള എല്ലാ സാമഗ്രികളും തങ്ങള്‍ തന്നെ വാങ്ങണമെന്ന നിലയാണ് രാജ്ഭവനിലെന്നും തൊഴിലാളികള്‍ പറഞ്ഞു.
പിരിച്ചുവിട്ടവര്‍ക്ക് പകരം ഒമ്പതുപേരെ പകരം എടുത്തതായും കുട്ടികളുടെ ഫീസടയ്ക്കാനോ വാടക നല്‍കാനോ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്നും ജോലി നഷ്ടപ്പെട്ട പലരും പേടി കൊണ്ട് പരാതി ഉന്നയിക്കാന്‍ തയ്യാറാവാത്തതാണെന്നും തൊഴിലാളികള്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Caste abuse; Dismissed without notice: Workers expose injustice at Raj Bhavan