'ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ ക്ഷേത്രത്തിലേക്ക് കടത്തില്ല'; വല്ലച്ചിറ ക്ഷേത്രത്തില്‍ പൂജകൊട്ട് ചടങ്ങിനെത്തിയ ആളെ ബി.ജെ.പി നേതാവ് പറഞ്ഞുവിട്ടതായി പരാതി
Kerala News
'ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ ക്ഷേത്രത്തിലേക്ക് കടത്തില്ല'; വല്ലച്ചിറ ക്ഷേത്രത്തില്‍ പൂജകൊട്ട് ചടങ്ങിനെത്തിയ ആളെ ബി.ജെ.പി നേതാവ് പറഞ്ഞുവിട്ടതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th November 2018, 11:28 am

കൊച്ചി: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രമായ വല്ലച്ചിറ ഭഗവാന്‍ ഭഗവതി ക്ഷേത്രത്തില്‍ ശ്രീകോവിലിന് മുന്നില്‍ നടത്തുന്ന പ്രത്യേക ചടങ്ങായ പൂജകൊട്ടിനായി എത്തിയ ആളെ ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് തടഞ്ഞ് പറഞ്ഞുവിട്ടതായി പരാതി.

ക്ഷേത്രത്തില്‍ പൂജകൊട്ട് അടിയന്തിരം നടത്താന്‍ വന്നയാളെയാണ് ബി.ജെ.പി നേതാവ് തിരിച്ചയച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

ബി.ജെ.പി നേതാവും ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറിയുമായ സുധീഷ്( കണ്ണന്‍ ) ആണ് ആചാരം നടത്താന്‍ എത്തിയ ആളെ ജാതി പറഞ്ഞ് തടഞ്ഞത്.


Dont Miss നെയ്യാറ്റിന്‍കര കൊലപാതകം; പൊലീസിന്റേത് ഗുരുതര വീഴ്ച; ആശുപത്രിയിലേക്ക് മാറ്റിയത് അരമണിക്കൂര്‍ റോഡില്‍ കിടന്ന ശേഷമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്


പൂജകൊട്ട് നടത്തുന്നയാള്‍ ലീവിന് വീട്ടില്‍ പോയതിനാല്‍ പകരം വന്ന ആലപ്പുഴ സ്വദേശി അക്ഷയിനെയാണ് ജോലി ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ് പറഞ്ഞുവിട്ടത്. ഇതുമൂലം ഞായറാഴ്ച രണ്ടുനേരവും ക്ഷേത്രത്തില്‍ പൂജകൊട്ട് ആചാരം മുടങ്ങി.

ജാതി പറഞ്ഞ് പൂജകൊട്ട് ആചാരം തടഞ്ഞതിനെതിരെ 84 ഭക്തര്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഭക്തര്‍ ഒപ്പിട്ട പരാതിയുടെ കോപ്പി ദേവസ്വം ഓഫീസര്‍ക്കും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്.

പൂജാസമയത്ത് ശ്രീകോവിലിനു മുന്നില്‍ നടത്തുന്ന പ്രധാന ചടങ്ങാണ് പൂജകൊട്ട്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഈ അടിയന്തിരം നടത്തുന്നതിന് സംബന്ധി മാരാര്‍ എന്ന പേരില്‍ പോസ്റ്റുമുണ്ട്. വല്ലച്ചിറക്ഷേത്രത്തില്‍ ഈ പോസ്റ്റിലുള്ളത് പട്ടികജാതി വിഭാഗത്തിലുള്ള ശ്രീജിത്താണ്. അടുത്തിടെയാണ് പത്തനംതിട്ട സ്വദേശിയായ ശ്രീജിത്ത് നിയമിതനായത്.

പിന്നോക്കവിഭാഗക്കാരനായതിനാല്‍ ശ്രീജിത്തിനെ ജോലിയില്‍ നിന്ന് തടയാന്‍ ബി.ജെ.പി നേതാക്കല്‍ നിരവധി തവണ ശ്രമിച്ചിരുന്നതായി പരാതിയുണ്ടായിരുന്നു. ശ്രീജിത്ത് അവധിയില്‍ പോയസമയത്താണ് പകരക്കാരനായി അക്ഷയിനെ ചുമതലപ്പെടുത്തിയത്. അക്ഷയ് ജോലിക്കായി എത്തിയപ്പോള്‍ ജാതി സര്‍ട്ടിഫിക്കറ്റ് കാണണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് തടയുകയായിരുന്നു.