ന്യൂദല്‍ഹി: ബജറ്റ് ചര്‍ച്ചയിലെ മറുപടി പ്രസംഗത്തിനിടെ കേരളത്തിലെ എം.പിമാര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നാളികേര വികസന പദ്ധതി കേരളത്തിന് ഗുണം ചെയ്യും. കശുവണ്ടി വികസന പദ്ധതിയുടെ ഗുണവും ചന്ദന കൃഷി വികസന പദ്ധതിയുടെ പ്രയോജനവും കേരളത്തിന് ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു.
ബുധനാഴ്ച നടന്ന ചര്‍ച്ചയിലും പ്രതിപക്ഷ എം.പിയായ കെ.സി വേണുഗോപാല്‍ കേരളത്തിന് നേരിട്ട അവഗണനയെ കുറിച്ച് സംസാരിച്ചിരുന്നു. ആമയെ നല്‍കിയ കേന്ദ്ര സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും മറ്റൊന്നും കേരളത്തിന് നല്‍കിയില്ലെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.
ബജറ്റ് ചര്‍ച്ചയില്‍ തുടക്കം മുതല്‍ പ്രതിപക്ഷ എം.പിമാര്‍ കേരളത്തിനോട് കാണിച്ച അവഗണന ചൂണ്ടിക്കാണിച്ചിരുന്നു.
അതിവേഗ റെയില്‍പാത, എയിംസ്, വിഴിഞ്ഞം പദ്ധതി, തീരേദശ വികസന-സംരക്ഷണ പദ്ധതികള്‍ തുടങ്ങിയവയോട് കേന്ദ്ര ബജറ്റില്‍ കാണിച്ച അവഗണന ശശി തരൂര്‍ എം.പി ഉള്‍പ്പടെയുള്ളവര്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കേരളത്തിന് ലഭിച്ച നേട്ടങ്ങള്‍ കേന്ദ്ര മന്ത്രി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
അതേസമയം, കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നില്ലെന്ന 16ാം ധനകാര്യ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ വിമര്‍ശനങ്ങളെയും ധനമന്ത്രി തള്ളിക്കളഞ്ഞു.
വിഭജിക്കാവുന്ന പൂളിന്റെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കൈമാറി. ഒരു സംസ്ഥാനത്തിനും വിഹിതം കുറച്ചിട്ടില്ലെന്നും നികുതി വിഭജനത്തിലെ പക്ഷപാതപരമായ നിലപാടാണെന്ന വിമര്‍ശനങ്ങളോടട് ധനമന്ത്രി പ്രതികരിച്ചു.
2026-27 വര്‍ഷക്കാലത്ത് നികുതി വിഹിതവും കേന്ദ്രം മുന്നോട്ട് വെച്ച പദ്ധതികള്‍ക്കുള്ള വിഹിതവുമായി സംസ്ഥാനങ്ങള്‍ക്ക് കെമാറേണ്ട ആകെ തുക 25.44 ലക്ഷം കോടി രൂപയാണ്.
നടപ്പ് വര്‍ഷത്തെ എസ്റ്റിമേറ്റിനേക്കാള്‍ 2.70 ലക്ഷം കോടി രൂപയുടെ വര്‍ധനവാണിതെന്നും അവര്‍ സഭയില്‍ പറഞ്ഞു. ഇത്രയും വലിയ തുകയാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുകയെന്നും മന്ത്രി ആവര്‍ത്തിച്ചു.
ധനകാര്യ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ 2018-19ലും 2020-2023 കാലത്തും പരിഗണിച്ചിരുന്നെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഇത്തവണത്തെ ബജറ്റില്‍ ബയോ ഫാര്‍മയ്ക്കാണ് മുന്‍ഗണന നല്‍കിയത്.
മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. കൃഷി, മൃഗസംരക്ഷണം, മത്സ്യ ബന്ധനം തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Content Highlight: Cashew, sandalwooda nd coconut development projects; Didn’t Kerala get all these? Union Finance Minister responds to criticism