പെരുമാറ്റചട്ടം നിലവില്‍ വന്ന ശേഷം മധ്യപ്രദേശില്‍ പിടിച്ചെടുത്തത് 340 കോടിയുടെ പണവും മയക്കുമരുന്നും ആഭരണങ്ങളും
india news
പെരുമാറ്റചട്ടം നിലവില്‍ വന്ന ശേഷം മധ്യപ്രദേശില്‍ പിടിച്ചെടുത്തത് 340 കോടിയുടെ പണവും മയക്കുമരുന്നും ആഭരണങ്ങളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th November 2023, 3:25 pm

ഭോപ്പാല്‍: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃക പെരുമാറ്റച്ചട്ടം ഒക്‌ടോബര്‍ 9ന് നിലവില്‍ വന്നശേഷം 340 കോടി രൂപയുടെ പണവും മയക്കുമരുന്നും ആഭരണങ്ങളും പിടിച്ചെടുത്ത് ഉദ്യോഗസ്ഥര്‍.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം പെരുമാറ്റച്ചട്ടം നിലവില്‍ വന്നപ്പോള്‍ സംസ്ഥാനത്തുടനീളം എന്‍ഫോര്‍സ്‌മെന്റ് ഏജന്‍സികള്‍ തുടര്‍ച്ചയായി നടത്തിയ റെയ്ഡില്‍ 40.18 കോടി രൂപയുടെ പണവും , മദ്യവും മയക്കുമരുന്നും ആഭരണങ്ങളും മറ്റ് 300 കോടിയോളം വിലമതിക്കുന്ന വസ്തുക്കളും
പിടിച്ചെടുത്തതായി സ്റ്റേറ്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അനുപം രാജന്‍ പറഞ്ഞു.

339.95 കോടി രൂപ വിലമതിക്കുന്ന അനധികൃത മദ്യം, മയക്കുമരുന്ന്, പണം, വിലപിടിപ്പുള്ള ലോഹങ്ങള്‍, സ്വര്‍ണം-വെള്ളി ആഭരണങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവ ഫ്‌ലൈയിങ് സര്‍വെയിലന്‍സ് ടീം (എഫ്.എസ്.ടി), സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് ടീം, പൊലീസ് എന്നിവര്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

‘ഒക്ടോബര്‍ 9 മുതല്‍ നവംബര്‍ 16 വരെ ഈ സമയത്ത് സംഘങ്ങള്‍ 40.18 കോടി രൂപയും, 65.56 കോടി രൂപ വിലമതിക്കുന്ന 34.68 ലക്ഷം ലിറ്റര്‍ അനധികൃത മദ്യം, 17.25 കോടി രൂപ വിലയുള്ള മയക്കുമരുന്നും, 92.76 കോടി രൂപയുടെ സ്വര്‍ണ്ണവും വെള്ളിയും , 124.18 കോടിയുടെ മറ്റു വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്തു,’ രാജന്‍ പറഞ്ഞു.

സംസ്ഥാനത്ത് 230 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച നടന്നപ്പോള്‍ ഏകദേശം 76 ശതമാനം പോളിങ് രേഖപ്പെടുത്തി. ഫലപ്രഖ്യാപനം ഡിസംബര്‍ മൂന്നിനാണ്.

Content highlight :  Cash, drugs, jewellery worth 340 cr seized during model code of conduct period in Madhya Pradesh