രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണമായി സംഭാവന; കേന്ദ്രത്തിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും പ്രതികരണം തേടി സുപ്രീം കോടതി
India
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണമായി സംഭാവന; കേന്ദ്രത്തിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും പ്രതികരണം തേടി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th November 2025, 7:04 am

ന്യൂദല്‍ഹി: രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2000 രൂപയില്‍ താഴെയുള്ള ‘അജ്ഞാത’ (anonymous) സംഭാവനകള്‍ പണമായി സ്വീകരിക്കാന്‍ സാധിക്കുന്ന വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ഹരജി പരിഗണിച്ച് സുപ്രീം കോടതി.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയും പ്രതികരണം സുപ്രീം കോടതി ആരാഞ്ഞു. നാല് ആഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കും.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഖേം സിങ് ഭാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് നടപടി.

തെരഞ്ഞെടുപ്പ് ബോണ്ട് കേസില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന ഫണ്ടിന്റെ സുതാര്യത വോട്ടര്‍മാരുടെ മൗലികാവകാശമായി അംഗീകരിച്ചിട്ടുണ്ടെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമര്‍പ്പിക്കുന്ന ആദായനികുതി റിട്ടേണുകളിലും സംഭാവന റിപ്പോര്‍ട്ടുകളിലും വലിയ പൊരുത്തക്കേടുണ്ടെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കുന്ന വ്യക്തികളുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തണം. സംഭാവന നല്‍കുന്നതില്‍ സുതാര്യത വേണം. ഒരു തുകയും നേരിട്ട് പണമായി സ്വീകരിക്കരുതെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

സുതാര്യമല്ലാത്ത പണമിടപാടുകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ ദുര്‍ബലപ്പെടുത്തുന്നു. സംഭാവന നല്‍കുന്നവരുടെ ഉദ്ദേശത്തെ കുറിച്ചും രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിന്റെ ഉറവിടത്തെ കുറിച്ചുമുള്ള അറിവ് വോട്ടര്‍മാര്‍ക്ക് ഉണ്ടാവേണ്ടതാണ്.

വോട്ട് രേഖപ്പെടുത്തുമ്പോള്‍ യുക്തി സഹമായി തീരുമാനമെടുക്കാന്‍ ഇക്കാര്യം സഹായിക്കുമെന്നും ഹരജിയില്‍ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആദായനികുതിയില്‍ നിന്നും ഇളവ് ലഭിക്കുന്നത് സംഭാവന നല്‍കുന്നവരുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലുമാണ്.

മുമ്പ് കോടതിയിലെത്തിയ ഒരു ഹരജി പ്രകാരം, രാഷ്ട്രീയ പാര്‍ട്ടികള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി സമര്‍പ്പിച്ച ആദായ നികുതി റിട്ടേണുകളും ഓഡിറ്റ് റിപ്പോര്‍ട്ടുകളും സൂക്ഷ്മമായി പരിശോധിക്കാനും പിഴവുകള്‍ക്ക് പിഴ ചുമത്താനും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാണിച്ചു.

രാജ്യത്ത് യു.പി.ഐ വിപ്ലവമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ പണമായി സംഭാവന സ്വീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ അനുവദിക്കരുത്. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി കഴിഞ്ഞ 18 വര്‍ഷമായി സംഭാവന റിപ്പോര്‍ട്ടില്‍ ഒരു സംഭാവനയും ലഭിച്ചിട്ടില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലഭിച്ച പണമെല്ലാം അംഗത്വ ഫീസെന്നാണ് കാണിച്ചിരിക്കുന്നതെന്നും ഉദാഹരണമായി ഹരജിക്കാരന്‍ വിശദീകരിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രജിസ്റ്റര്‍ ചെയ്യാനും ചിഹ്നം അനുവദിക്കാനുമുള്ള ഫീസായി നേരിട്ട് പണം സ്വീകരിക്കാന്‍ പാടില്ലെന്ന നിര്‍ദേശം പുറപ്പെടുവിക്കാനും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ഹരജിക്കാരനായ ഭാട്ടിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് ഹന്‍സാരിക ഹാജരായി. ഹരജിയുമായി ആദ്യം ഹൈക്കോടതിയെ സമീപിക്കാത്തതിനെയും സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു.

എന്നാല്‍, രാജ്യത്താകമാനമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അവയ്ക്ക് നല്‍കുന്ന ധനസഹായത്തെയും സംബന്ധിച്ചാണ് ഹരജിയെന്ന് ഹന്‍സാരിയ അറിയിച്ചു. തുടര്‍ന്നാണ് ഹരജി കേള്‍ക്കാന്‍ സുപ്രീം കോടതി ബെഞ്ച് തയ്യാറായത്.

വിഷയത്തില്‍ പ്രതികരണം അറിയിക്കാന്‍ തെരഞ്ഞെടുപ്പ് പാനലിനും ബി.ജെ.പി, കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നോട്ടീസ് അയച്ചു.

Content Highlight: Supreme Court seeks response from Centre and Election Commission on cash donations to political parties