അവനെ ആര്‍ക്കും വേണ്ടെങ്കിലും റയലിന് വേണം; കസമീറോ
Football
അവനെ ആര്‍ക്കും വേണ്ടെങ്കിലും റയലിന് വേണം; കസമീറോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd July 2022, 3:45 pm

 

ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് ബ്രസീല്‍ ഫുട്‌ബോളിന്റെ മുന്നേറ്റക്കാരന്‍ നെയ്മര്‍ ജൂനിയര്‍. എല്ലാ പൊസിഷനിലും മികച്ച രീതിയില്‍ അറ്റാക്ക് ചെയ്തും ട്രിബിള്‍ ചെയ്തും കളിക്കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം.

ഈ വര്‍ഷത്തെ സമ്മര്‍ ട്രാന്‍സ്ഫറില്‍ താരത്തെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. അദ്ദേഹം പി.എസ്.ജിയില്‍ നിന്നും പോകുമെന്നും ഇനി ടീമില്‍ തുടരില്ലെന്നുമുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ പുതിയ കോച്ച് ഗാട്ടിയറിന്റെ പ്ലാനില്‍ അദ്ദേഹമുണ്ടെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ താരത്തെ പി.എസ്.ജി വില്‍ക്കുമെന്ന വാര്‍ത്തകള്‍ക്ക് പ്രതികരിച്ചിരിക്കുകയാണ് ബ്രസീലില്‍ അദ്ദേഹത്തിന്റെ ടീംമേറ്റും റയലിന്റെ മിഡ്ഫീല്‍ഡിലെ സൂപ്പര്‍താരവുമായ കസമീറോ. നെയ്മറുടെ ഭാവിയെ കുറിച്ചുള്ള ചോദ്യത്തിനാണ് അദ്ദേഹം മറുപടി കൊടുത്തത്.

നെയ്മറെ പി.എസ്.ജിക്ക് വേണ്ടെങ്കില്‍ റയലിന് വേണമായിരുന്നു എന്നായിരുന്നു കസമീറോ താമശ രുപേണ പറഞ്ഞത്.

‘ലോകത്തുള്ള ഏത് ടീമില്‍ കളിക്കാനും സാധിക്കുന്ന താരമാണ് അദ്ദേഹം. പി.എസ്.ജിക്ക് അദ്ദേഹത്തെ വേണ്ടെങ്കില്‍ റയലിന് അവനെ വേണം,’ കസമീറോ പറഞ്ഞു.

നെയ്മറിന് പകരക്കാരെ കണ്ടെത്താന്‍ സാധിക്കില്ലെന്നും ഒരു കളിക്കാരനും മറ്റൊരൊള്‍ക്ക് പകരമാകില്ലെന്നും അദ്ദേഹം പറയുന്നു.

‘ചൗമേനിയുടെ വരവ് ലൂക്കയെയോ ടോണിയെയോ അല്ലെങ്കില്‍ എന്നെയോ വിടാന്‍ ഇടയാക്കുമോ? നിങ്ങള്‍ എങ്ങനെ ക്രൂസിനെയും മോഡ്രിച്ചിനെയും ഉപേക്ഷിക്കും? അത് അസാധ്യമാണ്. അത് പോലെയാണ് നെയ്മറിന്റെ കാര്യം,’ കസമീറോ കൂട്ടിച്ചേര്‍ത്തു.

ഇരുവരും ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകളില്‍ നിര്‍ണായകമായ താരങ്ങളാണ്. മുന്‍ കാലത്ത് സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയില്‍ അംഗമായിരുന്നു താരം. അതിനാല്‍ റയല്‍ മാഡ്രിഡില്‍ കളിക്കാന്‍ താരത്തിന് ഒന്നുകൂടെ ആലോചിക്കേണ്ടി വരും.

Content Highlights: Casemiro supports Neymar by saying if Psg dont want him we want him