കൊച്ചി: നടി ശ്വേതാ മേനോനെതിരെ കേസെടുത്ത് പൊലീസ്. അശ്ലീല ചിത്രത്തില്‍ അഭിനയിച്ചുവെന്ന പരാതിയിലാണ് കേസ്. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാൾ നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എറണാകുളം ജില്ലാ കോടതിയുടെ നിര്‍ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. അനാശാസ്യ നിരോധന നിയമപ്രകാരവും ഐ.ടി നിയമത്തിലെ സെക്ഷന്‍ 67 (എ)ഉം അനുസരിച്ചാണ് നടപടി.
ഇന്നലെ (ചൊവ്വ)യാണ് അശ്ലീല ചിത്രത്തില്‍ അഭിനയിച്ചുവെന്ന് ചൂണ്ടിക്കാട്ടി ശ്വേതാ മേനോനെതിരെ മാര്‍ട്ടിന്‍ പരാതി നല്‍കിയത്. ശ്വേതയുടെ അഭിനയം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞിരുന്നു.
ശ്വേതക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ട്ടിന്‍ കോടതിയിലാണ് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് കേസെടുക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.
സാമ്പത്തിക ലാഭത്തിനുവേണ്ടി ഗൂഢ ഉദ്ദേശ്യത്തോടെ ശ്വേതാ മേനോന്‍ സിനിമയിലും പരസ്യങ്ങളിലും ഉള്‍പ്പെടെ നഗ്‌നത പ്രദര്‍ശിപ്പിച്ച് അഭിനയിച്ചുവെന്നും അത് സോഷ്യല്‍ മീഡിയയിലൂടെയും പോണ്‍ സൈറ്റുകളിലൂടെയും പ്രചരിപ്പിച്ച് വരുമാനം നേടിയെന്നുമാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്.