കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് പോസ്റ്റ്; മുല്ലപ്പള്ളിയുടെ മുൻ ​ഗൺമാനെതിരെ കേസ്
Kerala News
കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് പോസ്റ്റ്; മുല്ലപ്പള്ളിയുടെ മുൻ ​ഗൺമാനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd October 2022, 11:03 am

കണ്ണൂർ: അന്തരിച്ച മുതിർന്ന സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് പോസ്റ്റ് പങ്കുവെച്ചതിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ​​ഗൺമാനെതിരെ കേസ്. മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാൻ ഉറൂബിനെതിരെയാണ് കേസ്. സി.പി.ഐ.എം ആനക്കോട് ബ്രാഞ്ച് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കോടിയേരിയെ കൊലപാതകി എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ഇയാൾ പോസ്റ്റ് പങ്കുവെച്ചത്. വാട്സ്ആപ്പ് ​ഗ്രൂപ്പിലൂടെയായിരുന്നു പ്രചരണം.

ശനിയാഴ്ച രാത്രിയോടെയായിരുന്നു മുതിർന്ന സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മരണം. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണപ്പെടുന്നത്. ചെന്നൈയിൽ നിന്ന് മൃതദേഹം എയർ ആംബുലൻസിൽ ഞായറാഴ്ച 11.40ഓടെ കണ്ണൂർ വിമാനത്താവളത്തിലെത്തിക്കും. എം.വി. ജയരാജന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും.

തുറന്ന വാഹനത്തിൽ വാലാപ യാത്രയായി തലശേരി ടൗൺ ഹാളിലേക്ക് കൊണ്ടുപോകും. വിലാപ യാത്ര കടന്നുപോകന്ന വഴിയിൽ 14 കേന്ദ്രങ്ങളിൽ അന്ത്യാഭിവാദ്യം അർപ്പിക്കും. പൊതുദർശനങ്ങൾക്ക് ശേഷം തിങ്കളാഴ്ച മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം.

പാൻക്രിയാസ് കാൻസർ മൂലം ഏറെക്കാലമായി ചികിത്സയിലായിരുന്നു കോടിയേരി. ആരോഗ്യനില മോശമായ സാഹചര്യത്തിൽ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്ക് പുറപ്പെട്ടത്.

Content Highlight: case registered against Mullappally’s ex gunman for defaming kodiyeri balakrishnan