'ശിക്ഷിക്കാതെ പിന്നെ ഉമ്മ കൊടുക്കണോ?'; കവിതക്കെതിരായ പരാമര്‍ശത്തില്‍ ബണ്ടി സഞ്ജയ്‌ക്കെതിരെ കേസ്
national news
'ശിക്ഷിക്കാതെ പിന്നെ ഉമ്മ കൊടുക്കണോ?'; കവിതക്കെതിരായ പരാമര്‍ശത്തില്‍ ബണ്ടി സഞ്ജയ്‌ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th March 2023, 5:07 pm

ഹൈദരാബാദ്: തെലങ്കാന എം.എല്‍.സിയും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ. കവിതയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബണ്ടി സഞ്ജയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ദല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് കവിതയെ കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബണ്ടിയുടെ പരാമര്‍ശം.

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സംസ്ഥാന ബി.ജെ.പി ഓഫീസില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബണ്ടി. ദല്‍ഹി മദ്യനയക്കേസില്‍ തെലങ്കാനയിലെ ജനങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്നും അധികം വൈകാതെ വിഷയത്തില്‍ കൂടുതല്‍ പേരുകള്‍ പുറത്തുവരുമെന്നും ബണ്ടി സഞ്ജയ് പറഞ്ഞിരുന്നു.

ചെയ്ത തെറ്റിന് കവിത ശിക്ഷയനുഭവിക്കുകയല്ലാതെ അവരെ പിടിച്ച് ഉമ്മ വെക്കണോ എന്നും ബണ്ടി പറഞ്ഞിരുന്നു.

‘കെ.സി.ആറിന്റെ ആദ്യ മന്ത്രിസഭയില്‍ ഒരു സ്ത്രീപോലും ഉണ്ടായിരുന്നില്ല. തെലങ്കാനയില്‍ വനിത കമ്മീഷനും ഇല്ല. സംസ്ഥാനത്തെ എല്ലാ സ്ത്രീകളേയും പ്രതിനിധീകരിക്കുന്നത് കവിത മാത്രമാണെന്നാണ് കെ.സി.ആറിന്റെ വിചാരം.

ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കവിതയുടെ വിക്കറ്റ് ഔട്ടായി. ബി.ആര്‍.എസിലെ കൂടുതല്‍ പേരുടെ പേരുകള്‍ ഇനിയും വരും,’ ബണ്ടി സഞ്ജയ് പറഞ്ഞു.

മദ്യനയക്കേസില്‍ കവിത അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ചോദ്യത്തിനായിരുന്നു ‘തെറ്റ് ചെയ്തവരെ ശിക്ഷിക്കുകയല്ലാതെ ഉമ്മ വെക്കണോ’ എന്ന് ബണ്ടി പ്രതികരിച്ചത്.

പരാമര്‍ശം വിവാദമായതോടെ ബി.ആര്‍.എസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാര്‍ ഇയാളുടെ കോലം കത്തിക്കുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നായിരുന്നു ബണ്ടിയുടെ പരാമര്‍ശം.

ആരെങ്കിലും കുറ്റം ചെയ്താല്‍ അവരെ ശിക്ഷിക്കുകയല്ലാതെ അഭിനന്ദിക്കുമോ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. തെലുങ്കില്‍ പൊതുവേ ഉപയോഗിക്കുന്ന ഒരു വാചകം മാത്രമാണ് താന്‍ പറഞ്ഞതെന്ന് അനാവശ്യ വ്യാഖ്യാനങ്ങളുണ്ടാക്കുന്നത് മകളെ ഇ.ഡി ചോദ്യം ചെയ്തതിന്റെ ജാള്യത മറച്ചുപിടിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Case registered against Bandi Sanjay for derogatory remarks against BRS MLC K. Kavitha