പാലക്കാട്: പാലക്കാട് റോഡ് ഉദ്ഘാടനത്തിനെത്തിയ തന്നെ വഴി തടഞ്ഞെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ബി.ജെ.പി, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് പരാതി.
പാലക്കാട് പിരായിരിയില്‍ വെച്ച് വഴി തടഞ്ഞെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് വഴി തടഞ്ഞ് വാഹനത്തിന് കേടുപാടുകള്‍ വരുത്തിയെന്നാണ് പരാതി.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് നോര്‍ത്ത് പൊലീസ് അറിയിച്ചു. എം.എല്‍.എയുടെ പരാതിയില്‍ കേസെടുത്തത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് പൊലീസ് വിശദീകരണം.
തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പിരായിരിയില്‍ റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാഹനം ഡി.വൈ.എഫ്.ഐ, ബി.ജെ.പി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
രാഹുലിനെതിരെ മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.എല്‍.എയ്ക്ക് സംരക്ഷണം ഒരുക്കാന്‍ ശ്രമിച്ചതോടെ പ്രദേശത്ത് സംഘാര്‍ഷാവസ്ഥയുമുണ്ടായി.
വാഹനം തടഞ്ഞതോടെ പുറത്തിറങ്ങി നടന്നാണ് രാഹുല്‍ ഉദ്ഘാടന വേദിയിലെത്തിയത്. രാഹുല്‍ മുമ്പ് രണ്ട് തവണ പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നെങ്കിലും എം.എല്‍.എക്ക് രൂക്ഷമായ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നില്ല.