ടാക്‌സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ അധിക്ഷേപം: നടന്‍ ജയകൃഷ്ണന്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ കേസ്
മംഗളൂരു: സിനിമാ നടന്‍ ജയകൃഷ്ണന്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ കേസ്. ഓണ്‍ലൈന്‍ ടാകസി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയവും അധിക്ഷേപകരവുമായ പരാമര്‍ശം നടത്തിയതിനാണ് കേസെടുത്തത്. മംഗളൂരുവിലെ ഉര്‍വ പൊലീസാണ് ജയകൃഷ്ണന്‍, സന്തോഷ് എബ്രഹാം, വിമല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.
ഒക്ടോബര്‍ ഒമ്പതിന് രാത്രിയായിരുന്നു സംഭവം. ഊബര്‍, റാപ്പിഡോ ക്യാപ്റ്റന്‍ ആപ്പുകള്‍ വഴി ഇവര്‍ ടാക്‌സി ബുക്ക് ചെയ്തു. മംഗളൂരുവിലെ ബെജായ് ന്യൂ റോഡാണ് പിക്ക് അപ്പിനായി നല്‍കിയത്.
ടാക്‌സി ഡ്രൈവറായ അഹമദ് ഷഫീഖ് ആപ്പിലൂടെ അവരോട് പിക്ക് അപ്പ് ലൊക്കേഷന്‍ സ്ഥിരീകരിക്കുന്നതിന് വേണ്ടി സംസാരിക്കുന്നതിനിടയില്‍ പ്രതികള്‍ അഹമദ് ഷഫീഖിനെ മുസ്‌ലിം തീവ്രവാദിയെന്നും ഭീകരവാദിയെന്നും വിളിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പ്രകോപനമുണ്ടാക്കല്‍ പൊതുക്രമസമാധാനം ഇല്ലാതാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങള്‍. മാത്രമല്ല പൊലീസ് സ്റ്റേഷനില്‍ വെച്ച് നടന്‍ ജയകൃഷ്ണന്‍ പരാതിക്കാരനായ അഹമദ് ഷഫീഖിനോട് ക്ഷമ ചോദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
Content Highlight: Case filed against three people including film actor Jayakrishnan