വോട്ടെണ്ണല്‍ ദിനത്തില്‍ മുസ്‌ലിം പള്ളിക്ക് നേരെ ആക്രമണമെന്ന് വ്യാജസന്ദേശം; കലാപ ശ്രമത്തിന് ലീഗ് വനിതാ നേതാവിനെതിരെ കേസ്
Kerala
വോട്ടെണ്ണല്‍ ദിനത്തില്‍ മുസ്‌ലിം പള്ളിക്ക് നേരെ ആക്രമണമെന്ന് വ്യാജസന്ദേശം; കലാപ ശ്രമത്തിന് ലീഗ് വനിതാ നേതാവിനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th December 2025, 11:31 am

കാസര്‍ഗോഡ്: കാസര്‍ഗോഡ് ചെറുവത്തൂര്‍ മടക്കരയിലെ മുസ്‌ലിം പള്ളിക്ക് നേരെ ആക്രമണം നടക്കുന്നുവെന്ന വ്യാജ സന്ദേശം അയച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ച മുസ്‌ലിം ലീഗ് വനിതാ നേതാവിനെതിരെ കേസെടുത്തു.

തുരുത്തി സ്വദേശിയായ ഇ.വി. ഷാജി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ചന്തേര പൊലീസിന്റെയാണ് നടപടി.

മനപൂര്‍വം സോഷ്യല്‍മീഡിയ വഴി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നും നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ വോയിസ് മെസേജ് പ്രചരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

‘എല്ലാവരും മടക്കരയിലേക്ക് വരണം. ജമാഅത്ത് പള്ളിയുടെ അവിടെ കല്ലെറിയുകയാണ്. നമ്മുടെ പള്ളി പൊളിക്കണമെന്ന് പറഞ്ഞ് കല്ലേറ് നടക്കുകയാണ്,’ എന്ന് നഫീസത്ത് പറയുന്ന വോയിസ് ക്ലിപ്പ് പ്രദേശത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

വോട്ടെണ്ണല്‍ ദിനത്തില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന നഫീസത്തിന്റെ ഓഡിയോ സന്ദേശം പുറത്തെത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെറുവത്തൂര്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫ് വിജയിച്ച് ഭരണം നേടിയിരുന്നു. തുടര്‍ന്ന് നടത്തിയ വിജയാഘോഷത്തിനിടെ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ഇതിനിടെയെത്തിയ നഫീസത്തിന്റെ വോയിസ് മെസേജ് കാരണം സംഘര്‍ഷം രൂക്ഷമായിരുന്നു.

Content Highlight: Fake news about attack on Kasaragod mosque on vote counting day; Case filed against Muslim League woman leader for attempted riot