ദല്‍ഹിയില്‍ രേഖകളില്ലാതെ താമസിച്ചു; 175 പേര്‍ക്കെതിരെ കേസ്
India
ദല്‍ഹിയില്‍ രേഖകളില്ലാതെ താമസിച്ചു; 175 പേര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th November 2025, 7:01 am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ രേഖയില്ലാതെ താമസിച്ച 175 പേര്‍ക്കെതിരെ കേസ്. നിര്‍ബന്ധിത പൊലീസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് എതിരെയാണ് കേസെടുത്തത്.

നവംബര്‍ 10ന് ദല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്‌ഫോടനത്തിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രേഖകള്‍ കൈവശമില്ലാത്തവരെ കണ്ടെത്തിയത്.

തലസ്ഥാന നഗരിയായ ദല്‍ഹിയില്‍ രേഖകളില്ലാതെ താമസിക്കുന്നവര്‍ക്കെതിരെ ബി.എന്‍.എസ് സെക്ഷന്‍ 223 (എ) (നിയമപരമായ ഉത്തരവിനോടുള്ള ഒരു വ്യക്തിയുടെ അനുസരണക്കേട്) പ്രകാരം കേസെടുക്കാം. മാത്രമല്ല, ആറ് മാസം തടവോ 2,500 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റവുമാണ്.

ദല്‍ഹിയിലെ വടക്കന്‍ മേഖലകളിലായി വാടകയ്ക്കും ലോഡ്ജുകളിലുമായി താമസിക്കുന്ന ആളുകളാണ് നിയമനടപടി നേരിടേണ്ടി വന്നിരിക്കുന്നതെന്ന് ഡി.സി.പി (നോര്‍ത്ത്) രാജ ബന്തിയ പറഞ്ഞു.

‘2000ത്തിലധികം വീടുകളാണ് പൊലീസ് സന്ദര്‍ശിച്ചത്. അവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചു. ചോദ്യം ചെയ്തു. ഈ നടപടിക്രമങ്ങള്‍ തുടരും,’ ഡി.സി.പി വ്യക്തമാക്കി.

വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്ത ഏതാനും ലോഡ്ജുകള്‍ക്കും ഗസ്റ്റ് ഹൗസുകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പ്രദേശത്താണ് സ്ഫോടനമുണ്ടായത്. അതുകൊണ്ട് തന്നെ നിയന്ത്രണം കടുപ്പിക്കുമെന്നും പരിശോധനകള്‍ കര്‍ശനമാക്കുമെന്നും പൊലീസ് പറഞ്ഞു.

വടക്കന്‍ ദല്‍ഹിയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും വെരിഫിക്കേഷന്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും പരിശോധനകളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെയാണ് ദല്‍ഹി പൊലീസ് നടത്തിവരുന്നത്. വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.

അതേസമയം ചെങ്കോട്ടയിലെ സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹ്യൂണ്ടായ് ഐ20 കാര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായത്. ലാല്‍കില മെട്രോ സ്റ്റേഷന് സമീപത്തായിരുന്നു അപകടം.

നിലവില്‍ ദല്‍ഹി , ഉത്തര്‍പ്രദേശ്, ഹരിയാന, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളിലെ പൊലീസും ഭീകരവിരുദ്ധ സേനകളും കേന്ദ്ര ഏജന്‍സികളും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും എന്‍.ഐ.എ അറിയിച്ചു.

Content Highlight: Case filed against 175 people for staying in Delhi without documents