നിയമവിരുദ്ധ ഉള്ളടക്കം; 'കേരളാ സ്റ്റോറി' സിനിമക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം
Entertainment news
നിയമവിരുദ്ധ ഉള്ളടക്കം; 'കേരളാ സ്റ്റോറി' സിനിമക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th November 2022, 8:09 pm

തിരുവനന്തപുരം: ‘കേരളാ സ്റ്റോറി’ സിനിമക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം. പൊലീസ് ഹൈടെക് സെല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് ഡി.ജി.പിയുടെ നിര്‍ദേശം. സിനിമയുടെ ടീസറില്‍ നിയമവിരുദ്ധ ഉള്ളടക്കമുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോടാണ് ഡി.ജി.പി കേസെടുക്കാന്‍ നിര്‍ദേശിച്ചത്. 32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐ.എസില്‍ എത്തിച്ചെന്ന് ആരോപിച്ചുകൊണ്ടാണ് ‘കേരളാ സ്റ്റോറി’യുടെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്.

ശാലിനി എന്ന കഥാപാത്രം തീവ്രവാദ സംഘടനകള്‍ നടത്തുന്ന പെണ്‍വാണിഭ സംഘത്തില്‍ എത്തിയതിന് പിന്നാലെ ഫാത്തിമയായി ഐ.എസില്‍ ചേരാന്‍ നിര്‍ബന്ധിതയായെന്നാണ് ടീസര്‍ പറയുന്നത്.

പെണ്‍വാണിഭ സംഘത്തില്‍ പെട്ടതിനെത്തുടര്‍ന്ന് ‘ഫാത്തിമാ ബാ’ ആയി മാറിയ അവര്‍ ഐ.എസില്‍ ചേരാന്‍ നിര്‍ബന്ധിതയായി. ഇപ്പോള്‍ താന്‍ ഐ.എസ് തീവ്രവാദിയായി അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിയുന്നു എന്നും ഈ കഥാപാത്രം ടീസറില്‍ പറയുന്നുണ്ട്.

സിനിമക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കേരളത്തെ തീവ്രവാദികളെ പിന്തുണയ്ക്കുന്ന സ്ഥലമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സിനിമക്കെതിരെ സെന്‍സര്‍ ബോര്‍ഡിനും പരാതി ലഭിച്ചിരുന്നു.

തമിഴ്‌നാട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകനാണ് സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കിയയത്. സിനിമ നിരോധിക്കണം എന്ന ആവശ്യമാണ് പരാതിയില്‍ ഉന്നയിക്കുന്നത്. കേരളത്തെ ഭീകരവാദികളെ പിന്തുണയ്ക്കുന്ന സ്ഥലമായി ചിത്രീകരിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

വിപുല്‍ അമൃത് ലാല്‍ നിര്‍മിച്ച ചിത്രം സുദീപ്തോ സെന്‍ ആണ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അദാ ശര്‍മയാണ്.

Content Highlight: Police Case Against Kerala Story Movie