ബാഴ്‌സലോണ സൂപ്പര്‍താരത്തെ ക്ലബ്ബിലെത്തിക്കണമെന്ന് ആന്‍സലോട്ടി; സാധ്യമല്ലെന്ന് റയല്‍ മാഡ്രിഡ്
Football
ബാഴ്‌സലോണ സൂപ്പര്‍താരത്തെ ക്ലബ്ബിലെത്തിക്കണമെന്ന് ആന്‍സലോട്ടി; സാധ്യമല്ലെന്ന് റയല്‍ മാഡ്രിഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th June 2023, 8:12 pm

കരിം ബെന്‍സെമക്ക് പകരം ടോട്ടന്‍ഹാം ഹോട്സ്പര്‍ അറ്റാക്കര്‍, റിച്ചാര്‍ലിസണെ റയല്‍ മാഡ്രിഡിലെത്തിക്കാന്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. എന്നാല്‍ ആന്‍സലോട്ടിയുടെ ആവശ്യം ലോസ് ബ്ലാങ്കോസ് പ്രസിഡന്റ് ഫ്ളോറെന്റീനോ പെരേസ് തള്ളിക്കളഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിച്ചാര്‍ലിസണെ ടീമിലെത്തിച്ചാല്‍ റയല്‍ മാഡ്രിഡിന്റെ അറ്റാക്കിങ് നിര കൂടുതല്‍ ശക്തമാകുമെന്ന് വിശ്വസിച്ച ആന്‍സലോട്ടി വിവരം പെരേസിനെ അറിയിക്കുകയായിരുന്നെന്നും എന്നാല്‍ അദ്ദേഹം അതിന് തയ്യാറായില്ലെന്നും സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

റിച്ചാര്‍ലിസണിന്റെ പെരുമാറ്റത്തിലുള്ള പോരായ്മയാണ് റയല്‍ മാഡ്രിഡുമായി സൈന്‍ ചെയ്യിക്കുന്നതില്‍ നിന്ന് പെരേസിനെ പിന്തിരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സഹതാരങ്ങളുമായും മാനേജ്മെന്റുമായും നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്ന റിച്ചാര്‍ലിസണ്‍ റയലിന്റെ സ്‌ക്വാഡുമായി ഒത്തുപോകില്ലെന്ന് പെരേസ് അഭിപ്രായപ്പെട്ടതായും എല്‍ നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, റയല്‍ മാഡ്രിഡുമായി വിടപറഞ്ഞ കരിം ബെന്‍സെമ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇത്തിഹാദുമായി സൈനിങ് നടത്തുകയായിരുന്നു. റെക്കോഡ് പ്രതിഫലത്തില്‍ മൂന്ന് വര്‍ഷത്തെ കരാറില്‍ ടീമിലെത്തിയ മുന്‍ റയല്‍ താരം 2026 വരെയാണ് സൗദി ക്ലബ്ബിനൊപ്പം കളിക്കുക.

2009ല്‍ ലിയോണില്‍ നിന്നുമാണ് ഫ്രഞ്ച് ഇന്റര്‍നാഷണല്‍ ലോസ് ബ്ലാങ്കോസിന്റെ ഭാഗമാകുന്നത്. റയലിനൊപ്പം അഞ്ച് ചാമ്പ്യന്‍സ് ലീഗ് ടൈറ്റിലുകള്‍ സ്വന്തമാക്കിയ ബെന്‍സെമ നാല് തവണ റയലിനെ സ്പാനിഷ് ചാമ്പ്യന്‍മാരാക്കുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

റയലിനായി കളിച്ച 647 മത്സരങ്ങളില്‍ നിന്നും 353 ഗോളുകളാണ് ബെന്‍സെമ അടിച്ചുകൂട്ടിയത്. 2022-23 സീസണില്‍ മാത്രം 42 മത്സരങ്ങളില്‍ നിന്ന് 30 ഗോളും ആറ് അസിസ്റ്റുകളും സ്വന്തമാക്കാന്‍ ബെന്‍സെമക്ക് സാധിച്ചു.

Content Highlights: Carlo Ancelotti wants to sign with Richarlison