ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് നസ്രിയ. ബ്ലെസി സംവിധാനം ചെയ്ത പളുങ്കിലൂടെയാണ് നസ്രിയ സിനിമയിലേക്കെത്തിയത്.
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരത്തിലൂടെ നായികയായി അരങ്ങേറിയ നസ്രിയ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു. ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്‌സ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നസ്രിയ സ്വന്തമാക്കിയിട്ടുണ്ട്.
ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്ന ബാനറിൽ നിർമാണരംഗത്തും നസ്രിയ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കഴിഞ്ഞവർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ആവേശം നിർമിച്ചത് നസ്രിയയായിരുന്നു.
കേരളത്തിന് പുറത്ത് ഒരുപാട് ചർച്ചചെയ്യപ്പെട്ട കുമ്പളങ്ങി നൈറ്റ്‌സിന്റെ നിർമാതാക്കളിലൊരാളും നസ്രിയയായിരുന്നു. കരിയറിൽ ഒരു ഗ്യാപ്പിന് ശേഷം തിരിച്ചുവന്ന സിനിമയായിരുന്നു സൂക്ഷ്മദർശിനി. കരിയറിലെ ഗ്യാപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് നസ്രിയ.
‘രണ്ടു വർഷത്തിൽ ഒരു സിനിമ എന്നൊന്നും പ്ലാൻ ചെയ്യുന്നതല്ല. കഥകൾ കേട്ട് ഇഷ്ടപ്പെട്ട് വരുമ്പോൾ വൈകുന്നു എന്നേയുള്ളൂ. വീട്ടിലിരിക്കേണ്ട സമയം മാറ്റി വെച്ച്, ഫഹദിന്റെ അടുത്ത് നിന്ന് ദിവസങ്ങൾ മാറി നിന്ന് ചെയ്യേണ്ട കഥയാണെന്ന് തോന്നിയാലേ ‘യെസ്’ പറയൂ. സിനിമയ്ക്കപ്പുറം യാത്രകൾ പോകാനും കൂട്ടുകാർക്കൊപ്പം ഇരിക്കാനുമൊക്കെ ഇഷ്ടമാണ്. കേൾക്കുന്ന കഥ ഈ ഇഷ്ടങ്ങൾക്കൊക്കെ മുകളിൽ നിന്നാലെ ആ സ്പാർക്ക് ഉണ്ടാവൂ,’ നസ്രിയ പറയുന്നു.
അങ്ങനെ തോന്നിയ സിനിമയാണ് സൂക്ഷ്മദർശിനിയെന്നും പേരിൽ തന്നെയുള്ള കൗതുകമാണ് ആദ്യം ആകർഷിച്ചതെന്നും നസ്രിയ പറയുന്നു. സംവിധായകനും നിർമാതാവുമായ സമീർ താഹിർ ആണ് തന്നെ സിനിമയിലേക്ക് വിളിച്ചതെന്നും അദ്ദേഹമാണ് സിനിമയുടെ നിർമാതാവ് എന്നും നസ്രിയ പറഞ്ഞു.
സംവിധായകൻ എം.സി ജിതിനും തിരക്കഥാകൃത്തുക്കളായ അതുൽ രാമചന്ദ്രനും ലിബിനും നരേറ്റ് ചെയ്തു തന്നുവെന്നും ഇതുവരെ ഞാൻ ചെയ്യാത്ത കഥയാണിതെന്നും പറഞ്ഞ നസ്രിയ, പുതിയ കാലത്ത് പെൺകുട്ടികൾ വിവാഹം കഴിച്ചു ജീവിക്കുമ്പോഴുള്ള സംഭവങ്ങളാണ് സിനിമ പറയുന്നതെന്നും കൂട്ടിച്ചേർത്തു. വളരെ അംബീഷ്യസ് ആയി ജോലിയും ജീവിതവും കൊണ്ടുപോവുന്നവരിൽ ഒരാളാണ് താനെന്നും നസ്രിയ കൂട്ടിച്ചേർത്തു.