ഇന്ത്യന്‍ പ്രഡേട്ടറോ? ഫാന്റസി ത്രില്ലറുമായി ആര്യയുടെ ക്യാപ്റ്റന്‍ ട്രെയ്‌ലര്‍
Film News
ഇന്ത്യന്‍ പ്രഡേട്ടറോ? ഫാന്റസി ത്രില്ലറുമായി ആര്യയുടെ ക്യാപ്റ്റന്‍ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd August 2022, 3:31 pm

മിരുതന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ തമിഴ് സംവിധായകന്‍ ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ഫാന്റസി ത്രില്ലര്‍ ചിത്രം ക്യാപ്റ്റന്റെ ട്രെയ്‌ലര്‍ പുറത്ത്. ആര്യയാണ് സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തിങ്ക് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ഏലിയന്‍ ഇന്‍വേഷന്‍ പ്രമേയമായ പരീക്ഷണചിത്രമാണ് ക്യാപ്റ്റന്‍. ഇതിനു മുന്നോടിയായി ഇറങ്ങിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പോസ്റ്ററും ട്രെയ്‌ലറുമെല്ലാം കണ്ടിട്ട് ചിത്രം ഇന്ത്യന്‍ പ്രഡേട്ടറാണോയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ഇന്ത്യന്‍ ആര്‍മി ഓഫീസറായ ക്യാപ്റ്റന്‍ വെട്രിമാരനായാണ് ആര്യ എത്തുന്നത്. സിമ്രാന്‍ അവതരിപ്പിക്കുന്ന ശാസ്ത്രജ്ഞയുടെ നിര്‍ദേശ പ്രകാരം സെക്റ്റര്‍ 42 എന്ന, 50 വര്‍ഷമായി ഒറ്റപ്പെട്ടു കിടക്കുന്ന വനത്തിലേക്ക് വെട്രിമാരന്‍ അടങ്ങുന്ന ആര്‍മി സംഘം എത്തുന്നു. അവിടെ വച്ച് ഏലിയനുമായി ഏറ്റുമുട്ടുന്നതാണ് കഥയുടെ സാരമെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്.

ഐശ്വര്യ ലക്ഷ്മി, ഹരീഷ് ഉത്തമന്‍, മാളവിക അവിനാഷ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ സെപ്റ്റംബര്‍ എട്ടിന് തിയേറ്ററിലെത്തും.

Content Highlight: captain movie trailer starring arya and simran